മാർവൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’ ഇന്ത്യയിൽ ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടവുമായി തുടക്കം കുറിച്ചു. ജൂലൈ 30-ന് ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ആദ്യദിനം തന്നെ അഞ്ച് ബോക്സ് ഓഫീസ് റെക്കോർഡുകളാണ് സ്വന്തമാക്കിയത്.

ബോക്സ് ഓഫീസ് ട്രാക്കർ സാക്നിൽക്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം ചിത്രം ആദ്യദിനം ഇന്ത്യയിൽ നിന്ന് 60.6 കോടി രൂപ കളക്ഷൻ നേടി. ഇന്ത്യയിൽ ഒരു ഹോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന ആദ്യദിന കളക്ഷനും ഒരു സൂപ്പർഹീറോ ചിത്രത്തിൻ്റെ ഏറ്റവും മികച്ച ഓപ്പണിംഗുമാണ് ഇത്.

മുൻ റെക്കോർഡുടമയായിരുന്ന ‘അവഞ്ചേഴ്‌സ്: എൻഡ്ഗെയിം’ (53.1 കോടി) നേടിയ ആദ്യദിന കളക്ഷൻ ചിത്രം മറികടന്നു. കൂടാതെ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 50 കോടി രൂപ കളക്ഷൻ നേടുന്ന ഹോളിവുഡ് ചിത്രമെന്ന നേട്ടവും ‘ബ്രാൻഡ് ന്യൂ ഡേ’ സ്വന്തമാക്കി. ‘സ്പൈഡർമാൻ: നോ വേ ഹോം’ നേടിയ ആദ്യദിന കളക്ഷൻ റെക്കോർഡും പുതിയ ചിത്രം പിന്നിലാക്കി.

ടോം ഹോളണ്ട് വീണ്ടും പീറ്റർ പാർക്കറായി എത്തുന്ന ചിത്രം ഡെസ്റ്റിൻ ഡാനിയൽ ക്രെട്ടൺ ആണ് സംവിധാനം ചെയ്തത്. സെൻഡായ, സാഡി സിങ്ക്, ജേക്കബ് ബറ്റലോൺ, ജോൺ ബെർന്താൽ, ട്രാമെൽ ടിൽമാൻ, മൈക്കൽ മാൻഡോ, മാർക്ക് റുഫലോ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആരാധകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചതോടെ വരും ദിവസങ്ങളിലും ചിത്രം ശക്തമായ ബോക്സ് ഓഫീസ് പ്രകടനം തുടരുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

Related Posts