രാജ്യത്ത് 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിൻ്റെ വില 200 രൂപയിലേറെ കുറച്ച് കേന്ദ്രസർക്കാർ. ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറച്ചത്. ഇതോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിൻ്റെ പുതിയ വില 2,728 രൂപയും കൊൽക്കത്തയിൽ 2,872 രൂപയുമായി.
തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറയ്ക്കുന്നത്. കഴിഞ്ഞ മാസവും സമാനമായി വില കുറച്ചിരുന്നു. വിലക്കുറവ് ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വാണിജ്യ മേഖലകൾക്ക് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.
അതേസമയം, 14.2 കിലോ ഗാർഹിക എൽപിജി സിലിണ്ടറിൻ്റെ വിലയിൽ മാറ്റമില്ല. പശ്ചിമേഷ്യയിലെ സാഹചര്യം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് വാണിജ്യ സിലിണ്ടറിൻ്റെ വില കുറച്ചത്. ഇതിലൂടെ ചെറുകിട വ്യാപാരികൾക്കും ഭക്ഷ്യസേവന മേഖലയ്ക്കും പ്രവർത്തനച്ചെലവ് കുറയുമെന്ന പ്രതീക്ഷയുണ്ട്.