ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഉറി സെക്ടറില്‍ അതിര്‍ത്തി കടന്ന് പോകാനുള്ള ശ്രമം തടഞ്ഞ് സുരക്ഷാ സേന.ഇന്ത്യന്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മൂന്ന് പേരെ പിടികൂടിയത്. കൃത്യമായ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഉറി മേഖലയില്‍ സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചതെന്ന് ഇന്ത്യന്‍ ആര്‍മിയുടെ ചിനാര്‍ കോര്‍പ്‌സ് വ്യക്തമാക്കി.
പിടിയിലായവരിൽ ഒരാൾ സസ്‌പെൻഷനിലായ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥനാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇവർ സോപൂർ സബ് ഡിസ്ട്രിക്റ്റ് സ്വദേശികളാണെന്നും കൃത്യമായ രഹസ്യാന്വേഷണ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നും സൈന്യം വ്യക്തമാക്കി. കരസേനയുടെ ചിനാർ കോറും ജമ്മുകശ്മീർ പോലീസും ചേർന്നാണ് അതിർത്തി കടക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു.
ഇതിനൊപ്പം അതിർത്തി ലംഘിച്ചെത്തിയ ഒരു പാക് അധീന കശ്മീർ സ്വദേശിയെയും സൈന്യം പിടികൂടിയിട്ടുണ്ട്. പാക് അധീന കശ്മീർ സ്വദേശിയായ സീഷൻ അഹമ്മദ് മീർ ആണ് പിടിയിലായത്. അതീവ ജാഗ്രത പാലിച്ച സൈന്യം ഇയാളെ പിടികൂടുകയും തുടർ നിയമനടപടികൾക്കായി ജമ്മു കശ്മീർ പോലീസിന് കൈമാറുകയും ചെയ്തു.