അങ്കമാലിയിൽ ബിരുദ വിദ്യാർഥിനിയായ ജസ്ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകട കേസിൽ അറസ്റ്റിലായ പ്രതി ഡോ. സിറിയക് ജോർജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അങ്കമാലി കോടതിയിൽ രാവിലെ 11ഓടെ ആണ് സിറിയകിനെ ഹാജരാക്കുക. സിറിയക് ജോർജിനെ റിമാന്‍ഡ് ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെടും. അതേസമയം സിറിയകിന്റെ ജാമ്യാപേക്ഷയും കോടതിക്ക് മുന്നിലെത്തും.
കഴിഞ്ഞ മാസം 28നാണ് ജസ്ലിയയെ സിറിയക് ഓടിച്ച കാറിടിച്ചത്. തൊട്ടടുത്ത ദിവസം ജസ്ലിയ മരിച്ചു. അപകട വിവരം മനസിലാക്കിയിട്ടും നിയമത്തിനു മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ സിറിയക് ശ്രമിച്ചുവെന്ന വാദമാകും പോലീസ് കോടതിയില്‍ ഉയര്‍ത്തുക.
സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട് ഒളിവില്‍ പോയ സിറിയകിനെ ഇന്നലെ വാഗമണില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജസ്ലിയയുടെ മരണത്തിന് ശേഷം കുടുംബവും സുഹൃത്തുക്കളും പ്രതിഷേധം ശക്തമാക്കിയതോടെയാണ് സിറിയക്കിനെ പിടികൂടാൻ പോലീസ് നടപടികൾ ഊർജിതമാക്കിയത്. അറസ്റ്റിൽ ആശ്വാസം രേഖപ്പെടുത്തിയ ജസ്ലിയയുടെ കുടുംബം പ്രതിക്ക് പരമാവധി ശിക്ഷ കിട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.