ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഇല്ല, ആറ് വയസുകാരൻ്റെത് മുങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
ചിറ്റൂരില്‍ ആറുവയസുകാരൻ സുഹാൻ്റെത് മുങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളോ മറ്റ് പരിക്കുകളോ ഇല്ലെന്ന് റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം സുഹാൻ പഠിച്ചിരുന്ന റോയല്‍ നഴ്സറി സ്കൂളില്‍ പൊതുദർശനത്തിന് വച്ചു.
ഇന്നലെ വൈകുന്നേരം കാണാതായ സുഹാനായി അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് 21 മണിക്കൂറോളം നീണ്ട വിപുലമായ തിരച്ചിലാണ് നടത്തിയത്. വീടിന് സമീപത്തെ പാടശേഖരങ്ങളിലും ആളൊഴിഞ്ഞ കെട്ടിടങ്ങളിലും പലവട്ടം പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെ വീടിന് 800 മീറ്റർ അകലെയുള്ള കുളത്തിൻ്റെ മദ്ധ്യഭാഗത്തായിട്ട് മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.