നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തലമുറ മാറ്റത്തിനൊരുങ്ങുന്നുവെന്ന സൂചന നൽകി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മാറ്റമുണ്ടാകുമെന്നും സ്ത്രീകൾക്കും യുവാക്കൾക്കും 50 ശതമാനം പ്രാതിനിധ്യം നൽകുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഉദയ്‌പൂർ ചിന്തൻ ശിബിര തീരുമാനങ്ങൾ കേരളത്തിൽ നടപ്പിലാക്കും. നിയമസഭയിലായാലും പാർട്ടിയിലായാലും 50 ശതമാനം സീറ്റ് യുവാക്കൾക്കും സ്ത്രീകൾക്കും നീക്കിവെക്കണമെന്നായിരുന്നു ഉദയ്പൂ‌രിലുണ്ടായ തീരുമാനം. ഇത് കേരളത്തിൽ കോൺഗ്രസിൽ നടപ്പാക്കുമെന്നാണ് വി.ഡി.സതീശൻ നൽകുന്ന സൂചന.

യുവാക്കൾക്കും സ്ത്രീകൾക്കും 50 ശതമാനം സീറ്റുകൾ നൽകിക്കൊണ്ട് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ സ്ഥാനാർഥികളിൽ തലമുറമാറ്റമുണ്ടാകും. പ്രമുഖരുമായ നിരവധി നേതാക്കളും യുവാക്കളും രാഷ്ട്രീയത്തിൽ കോൺഗ്രസിനുണ്ട്. സി.പി.എമ്മിൽ നിന്ന് വ്യത്യസ്തമായി കോൺഗ്രസിന് വളരെ മികച്ച രണ്ടാംനിര, മൂന്നാംനിര നേതാക്കളുണ്ടെന്നും സതീശൻ പറഞ്ഞു.

കേരളത്തിലെ പല നിയമസഭാ സീറ്റുകളും മുൻപ് അനുകൂല രാഷ്ട്രീയ സാഹചര്യമുണ്ടാകുമ്പോഴും സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾകൊണ്ട് കോൺഗ്രസിന് നഷ്ടമാകുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. പലതവണ മത്സരിച്ച് പരാജയപ്പെട്ടവർ സമ്മർദതന്ത്രം പ്രയോഗിച്ച് മത്സരിക്കുമ്പോൾ അത് എൽ.ഡി.എഫിന് ഗുണകരമാകുന്ന സാഹചര്യം മുൻപ് ഉണ്ടായിട്ടുണ്ട്. ഇനി അത്തരം സാഹചര്യത്തിലേക്ക് പോകില്ലെന്നും സതീശൻ വ്യക്തമാക്കി.

Related Posts