കർണാടകയിൽ ആവശ്യത്തിന് ജലസംഭരണമുണ്ടായിരുന്നെങ്കിൽ തമിഴ്‌നാടിന് കാവേരി ജലം നൽകുമായിരുന്നുവെന്നും എന്നാൽ നിലവിൽ സ്വന്തം സംസ്ഥാനത്തെ കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റാൻ പോലും വെള്ളമില്ലാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സംസ്ഥാനത്തിൻ്റെ ജലലഭ്യതയുടെ യാഥാർഥ്യം എല്ലാവർക്കും അറിയാമെന്നും കർണാടകയുടെ താൽപര്യങ്ങൾ സംരക്ഷിക്കേണ്ടത് തൻ്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാടിന് 11,000 ടി.എം.സി അടി കാവേരി ജലം വിട്ടുനൽകാൻ കർണാടകയോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാർ സമർപ്പിച്ച രണ്ട് ഹർജികൾ സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് ശിവകുമാറിൻ്റെ പ്രതികരണം.

“ഞങ്ങളുടെ കൈവശം ആവശ്യത്തിന് വെള്ളമുണ്ടെങ്കിൽ തീർച്ചയായും തമിഴ്‌നാടിന് നൽകും. എന്നാൽ ഇപ്പോൾ കുടിവെള്ളത്തിന് പോലും ആവശ്യമായ വെള്ളമില്ല. സ്വന്തം സംസ്ഥാനത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. ജലലഭ്യതയെക്കുറിച്ച് നേരത്തെ തന്നെ കർഷകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു,” അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് സമർപ്പിച്ച ഹർജികൾ കോടതി തള്ളിയ കാര്യം എല്ലാവർക്കും അറിയാവുന്ന യാഥാർഥ്യമാണെന്നും എവിടെയൊക്കെ എത്രത്തോളം വെള്ളമുണ്ടെന്ന കാര്യത്തിൽ തമിഴ്‌നാടിനും കർണാടകയ്ക്കും വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജസ്റ്റിസുമാരായ വിക്രം നാഥ്, അപരേഷ് കുമാർ സിങ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് വെള്ളിയാഴ്ച രണ്ട് ഹർജികളും തള്ളിയത്. അധിക രേഖകൾ കോടതിയിൽ സമർപ്പിക്കാൻ അനുമതി തേടി തമിഴ്നാട് നൽകിയ മൂന്നാമത്തെ അപേക്ഷയും തള്ളുമെന്ന് ബെഞ്ച് വ്യക്തമാക്കി.

കാവേരി നദിയുമായി ബന്ധപ്പെട്ട് വർഷംതോറും നടത്താറുള്ള ‘ബാഗിന’ സമർപ്പണം പോലും ഇത്തവണ നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ശിവകുമാർ പറഞ്ഞു. കാവേരി ജലത്തിൻ്റെ ലഭ്യതയുമായി ബന്ധപ്പെട്ട് സംസ്ഥാനം നേരിടുന്ന പ്രതിസന്ധിയുടെ ഗൗരവം വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

അതേസമയം, കാവേരി ജലവിഹിതം, മേക്കേദാട്ടു പദ്ധതി തുടങ്ങിയ വിഷയങ്ങളിൽ കർണാടകയ്ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ മണിക്കം ടാഗോർ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ നടത്തിയ പരാമർശങ്ങളോടുള്ള പ്രതികരണമായും മുഖ്യമന്ത്രിയുടെ പ്രസ്താവന വിലയിരുത്തപ്പെടുന്നു.

കാവേരി നദിക്ക് കുറുകെ ബെംഗളൂരു സൗത്ത് ജില്ലയിലെ കനകപുരയ്ക്ക് സമീപം സമതുലിത ജലസംഭരണി നിർമിക്കുന്നതിനായി കർണാടക മുന്നോട്ടുവെച്ച ബഹുമുഖ പദ്ധതിയാണ് മേക്കേദാട്ടു പദ്ധതി. എന്നാൽ പദ്ധതി നടപ്പിലാക്കുന്നത് തമിഴ്‌നാടിന് ലഭിക്കേണ്ട കാവേരി ജലവിഹിതത്തെ ബാധിക്കുമെന്ന ആശങ്കയിൽ തമിഴ്‌നട് ഇതിനെ ശക്തമായി എതിർക്കുകയാണ്.

Related Posts