മട്ടാഞ്ചേരിയിൽ മധ്യവയസ്കൻ ഓടിച്ച കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി ഏഴ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു. വെള്ളിയാഴ്ച രാത്രി പത്തോടെയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഏലൂർ സ്വദേശി ജോസഫ് ഡാൽട്ടൺ (53) ആണ് അപകടകരമായ രീതിയിൽ കാർ ഓടിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്ത മട്ടാഞ്ചേരി പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
നിയന്ത്രണംവിട്ട കാർ ആദ്യം ഒരു ഇരുചക്രവാഹനത്തിലിടിക്കുകയും മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു. തുടർന്ന് ചുള്ളിക്കൽ ഭാഗത്ത് മറ്റൊരു ബൈക്കിൽ ഇടിച്ച കാർ അതും ഒന്നര കിലോമീറ്ററോളം വലിച്ചിഴച്ചതായാണ് റിപ്പോർട്ട്. പിന്നീട് കപ്പലണ്ടിമുക്കിൽവെച്ച് ഒരു സ്ത്രീയെയും ഇടിച്ചിട്ടു.
അവിടെനിന്ന് കൂനൻകുരിശ് പള്ളി വരെയുള്ള യാത്രയ്ക്കിടെ ആറോളം വാഹനങ്ങൾ കൂടി കാറിടിച്ച് തകർന്നു. വഴിയരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളും അപകടത്തിൽപ്പെട്ടു. റോഡരികിൽ നിന്നിരുന്ന നിരവധി പേർ തലനാരിഴയ്ക്കാണ് കാറിന്റെ ഇടിയിൽനിന്ന് രക്ഷപ്പെട്ടത്.
ഒടുവിൽ മട്ടാഞ്ചേരി ബസാർ റോഡിൽ കൂനൻകുരിശ് പള്ളിക്ക് സമീപം നാട്ടുകാർ കാർ തടഞ്ഞ് ജോസഫ് ഡാൽട്ടനെ പിടികൂടുകയായിരുന്നു. രോഷാകുലരായ നാട്ടുകാർ ഇയാൾ സഞ്ചരിച്ച കിയ കാറിൻ്റെ ചില്ലുകൾ തകർത്തു. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.