ശബരിമല മണ്ഡല – മകരവിളക്ക് കാലത്തെ വരുമാനം 440 കോടി രൂപ; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 കോടിയുടെ വര്‍ധനവ്
ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനമായി ലഭിച്ചെന്ന് മന്ത്രി വി. എന്‍ വാസവന്‍ പറഞ്ഞു. അഭൂതപൂര്‍വമായ ഭക്തജനതിരക്കിനാണ് 2024-25 തീർഥാടനകാലം സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 കോടി രൂപയുടെ വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്. ആറ് ലക്ഷം ഭക്തര്‍ അധികമായി എത്തിയതായും മന്ത്രി പറഞ്ഞു. 440 കോടി രൂപ സന്നിധാനത്തെ മാത്രം വരുമാനമാണ്. നിലയ്ക്കലിലെയും പമ്പയിലെയും വരുമാനം എണ്ണിത്തിട്ടപ്പെടുത്തി വരുന്നേയുള്ളു. പതിനെട്ടാം പടിയില്‍ കഴിഞ്ഞ തവണ ഒരുമിനിറ്റില്‍ 65 പേരെയാണ് കടത്തിവിട്ടതെങ്കില്‍ ഇത്തവണ അത് 90 പേരായി. ഇതാണ് ഭക്തരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകാന്‍ കാരണം, 30 ലക്ഷത്തിലേറേ പേർക്ക് അന്നദാനം നൽകി. അപ്പവും അരവണയും പരാതിയില്ലാതെ വിതരണം ചെയ്തു. വെർച്വൽക്യൂ, സ്‌പോട്ട് ബുക്കിങ് സംവിധാനത്തിലൂടെ ദിവസം 80000 പേർക്ക് ദർശനം നൽകാൻ തീരുമാനിച്ചിടത്ത് 90,000 മുതൽ 1,08,000 പേർക്ക് ദർശനം നൽകിയെന്നും ദേവസ്വം മന്ത്രി വിഎൻ വാസവൻ പറഞ്ഞു. അടുത്ത തീര്‍ഥാടനകാലത്ത് ഡോളി സമ്പ്രദായം ഒഴിവാക്കാന്‍ ആലോചിക്കുന്നതായും റോപ് വേയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.