ഹണിമൂൺ ആഘോഷത്തിനായി ഡാർജിലിങ്ങിലെത്തിയ യുവതിക്ക് ബാർബിക്യു അടുപ്പിൽനിന്ന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റു. ചികിത്സയിലിരിക്കെ യുവതി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശിനിയായ നികിത സാഹയാണ് മരിച്ചത്. ഭർത്താവ് സമീറിനൊപ്പം ഡാർജിലിങ്ങിലെ സിറ്റിയോങ്ങിലെ ഹോംസ്റ്റേയിൽ താമസിക്കുമ്പോഴായിരുന്നു ദാരുണമായ അപകടം. സെപ്റ്റംബർ 13നാണ് സംഭവം.
ഹോംസ്റ്റേയിൽ ബാർബിക്യു തയ്യാറാക്കുന്നതിനിടെയാണ് തീ പടർന്ന് നികിതയ്ക്ക് പൊള്ളലേറ്റത്. ശരീരത്തിൻ്റെ 60 ശതമാനത്തോളം ഭാഗത്ത് പൊള്ളലേറ്റതിനെ തുടർന്ന് ആദ്യം സിലിഗുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിന് കാരണം ഹോംസ്റ്റേ അധികൃതരുടെ അനാസ്ഥയാണെന്നാണ് ഭർത്താവ് സമീറിൻ്റെ ആരോപണം. തീയ്ക്ക് സമീപം ഓയിൽ ഡ്രം ഉപയോഗിച്ചതാണ് തീ പെട്ടെന്ന് ആളിപ്പടരാൻ കാരണമായതെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ സമീറിൻ്റെ ആരോപണങ്ങൾ ഹോംസ്റ്റേ ഉടമ നിഷേധിച്ചു. തീയുടെ അടുത്ത് ഇരിക്കരുതെന്ന് ദമ്പതികൾക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവർ അത് അവഗണിച്ചെന്നാണ് ഉടമയുടെ വിശദീകരണം. തണുപ്പ് വർധിച്ചതോടെ ദമ്പതികളുടെ ആവശ്യപ്രകാരം പുറത്തുനിന്നെത്തിയ ഒരാൾ തീയിലേക്ക് മണ്ണെണ്ണ ഒഴിക്കുകയായിരുന്നുവെന്നും ഇയാൾ ഹോംസ്റ്റേ ജീവനക്കാരനല്ലെന്നും ഉടമ വ്യക്തമാക്കി.
ഭക്ഷണക്രമീകരണങ്ങൾക്കായി ജീവനക്കാരൻ മാറിനിന്ന സമയത്താണ് സംഭവം നടന്നതെന്നും ഉടമ വിശദീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങളും ഹോംസ്റ്റേ ഉടമ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപകടത്തിൻ്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി ഹോംസ്റ്റേയിലെ സാഹചര്യങ്ങളും ബന്ധപ്പെട്ടവരുടെ മൊഴികളും പൊലീസ് പരിശോധിച്ചുവരികയാണ്.