ഇന്ത്യൻ വ്യോമസേനയിൽ ഓഫീസർ തസ്തികകളിലേക്ക് 284 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT 01/2027) വഴിയാണ് നിയമനം. ഫ്ലയിങ് ബ്രാഞ്ച്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) വിഭാഗങ്ങളിലാണ് ഒഴിവുകൾ. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
ഫ്ലയിങ് ബ്രാഞ്ചിൽ 36 ഒഴിവുകളും ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ വിഭാഗത്തിൽ 124 ഒഴിവുകളും നോൺ ടെക്നിക്കൽ വിഭാഗത്തിൽ 108 ഒഴിവുകളുമാണുള്ളത്. ഗേറ്റ് സ്കോർ അടിസ്ഥാനത്തിലുള്ള പ്രവേശനത്തിന് 16 ഒഴിവുകളുമുണ്ട്.
ഫ്ലയിങ് ബ്രാഞ്ചിലേക്ക് അപേക്ഷിക്കുന്നവർക്ക് 20 മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി. ഗ്രൗണ്ട് ഡ്യൂട്ടി വിഭാഗത്തിൽ 20 മുതൽ 26 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഭാഗങ്ങൾക്കനുസരിച്ചുള്ള ബിരുദം, എൻജിനീയറിങ് യോഗ്യതകൾ എന്നിവ ആവശ്യമാണ്. ഫ്ലയിങ് ബ്രാഞ്ചിന് പ്ലസ് ടു തലത്തിൽ ഫിസിക്സ്, മാത്സ് വിഷയങ്ങളിൽ നിശ്ചിത മാർക്കും ബിരുദയോഗ്യതയും വേണം.
നവംബർ 12ന് ആരംഭിച്ച ഓൺലൈൻ അപേക്ഷാ നടപടികൾ ഡിസംബർ 11ന് രാത്രി 11.30ന് അവസാനിക്കും. 2027 ജനുവരി 31നാണ് ഓൺലൈൻ പരീക്ഷ നടത്തുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 2028 ജനുവരിയിൽ പരിശീലനം ആരംഭിക്കും. ഔദ്യോഗിക വെബ്സൈറ്റ്: afcat.edcil.co.in