ഗുജറാത്തിൽ വീണ്ടും ചാന്ദിപുര വൈറസ് ഭീതി ഉയരുന്നു. സംസ്ഥാനത്ത് വൈറസ് ബാധയെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രത ശക്തമാക്കി. ഏറ്റവും ഒടുവിൽ, രാജസ്ഥാൻ സ്വദേശിയായ ആറുവയസുകാരൻ സബർകാന്ത ജില്ലയിലെ ഹിമത്‌നഗർ സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഇതിന് മുമ്പ് പഞ്ച്മഹൽ ജില്ലയിൽ നിന്നുള്ള മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികളും രോഗബാധയെ തുടർന്ന് മരണപ്പെട്ടിരുന്നു. നിലവിൽ അഞ്ച് കുട്ടികളിൽ ചാന്ദിപുര വൈറസ് സംശയിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇവരിൽ രണ്ടുപേർ രോഗമുക്തരായപ്പോൾ, മറ്റ് രണ്ട് കുട്ടികൾ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

മൂന്ന് മരണങ്ങൾ സ്ഥിരീകരിച്ചതോടെ രോഗബാധിത മേഖലകളിൽ ആരോഗ്യവകുപ്പ് വ്യാപക പരിശോധന ആരംഭിച്ചു. നൂറുകണക്കിന് ആരോഗ്യപ്രവർത്തകർ വീടുതോറും സന്ദർശിച്ച് നിരീക്ഷണം നടത്തുകയാണ്. കടുത്ത പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടാൽ മൂന്ന് മണിക്കൂറിനുള്ളിൽ ചികിത്സ തേടണമെന്ന് ആരോഗ്യവിദഗ്ധർ രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.

2024 ജൂലൈയിലും ഗുജറാത്തിൽ ചാന്ദിപുര വൈറസ് വ്യാപനത്തെ തുടർന്ന് നിരവധി കുട്ടികൾ മരിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ രോഗവ്യാപനം തടയാൻ സംസ്ഥാനത്ത് നിരീക്ഷണവും പ്രതിരോധ നടപടികളും ശക്തമാക്കിയിരിക്കുകയാണ്.

Related Posts