കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ഏഴായി. ഉത്തരപ്രദേശ് സ്വദേശി അസ്ഹറുദ്ദീൻ അൻസാരി, ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമ്മ, ബിഹാർ സ്വദേശി മുഹമ്മദ് ഇംറാൻ എന്നിവരുള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ട്.
മീനാക്ഷി പാലത്തിന് സമീപവും പുഴയിലുമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കനത്ത മഴയും പുഴയിലെ ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ടെങ്കിലും നാല് സോണുകളായി തിരിച്ചാണ് തെരച്ചിൽ തുടരുന്നത്. തിരിച്ചറിയൽ പ്രയാസമുള്ള സാഹചര്യത്തിൽ ആവശ്യമായാൽ ഡി.എൻ.എ പരിശോധന നടത്തുമെന്നും മന്ത്രി എ.പി. അനിൽ കുമാർ അറിയിച്ചു. മൃതദേഹങ്ങൾ എംബാം ചെയ്ത ശേഷമാകും സ്വദേശങ്ങളിലേക്ക് കൊണ്ടുപോകുക.