മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തമാകുന്നതിനിടെ, ഇന്ത്യാ സഖ്യത്തിലെ പത്ത് എംപിമാർക്ക് രാഷ്ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്താൻ അനുമതി ലഭിച്ചു. ഇന്ന് രാത്രി എട്ടിനാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

വോട്ടർപട്ടികയുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യവും ഉൾപ്പെടെയുള്ള വിഷയങ്ങൾ രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് പ്രതിപക്ഷത്തിൻ്റെ നീക്കം. രാഷ്ട്രപതിയെ നേരിൽക്കണ്ട് പരാതികൾ അറിയിക്കാൻ ഇന്ത്യാ സഖ്യം സമയം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് രാഷ്ട്രപതി ഭവൻ കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയത്.

കൂടിക്കാഴ്ചയിൽ പ്രതിപക്ഷ എംപിമാർ ഏതെല്ലാം വിഷയങ്ങൾ ഉന്നയിക്കുമെന്ന കാര്യത്തിൽ ഔദ്യോഗിക വിശദീകരണം പുറത്തുവന്നിട്ടില്ല. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി വൈകിട്ട് അഞ്ചിന് സെൻട്രൽ ഹാളിൽ ഇന്ത്യാ സഖ്യ നേതാക്കൾ യോഗം ചേരും. കൂടിക്കാഴ്ചയിൽ ഉന്നയിക്കേണ്ട വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച സി.ജെ.പി.യുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം നടത്തും. പ്രതിഷേധം കണക്കിലെടുത്ത് ഡൽഹിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Related Posts