സർക്കാർ പദ്ധതിയിലൂടെ ലഭിച്ച പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിൻ്റെ പേരിൽ 78കാരിയായ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ 20കാരനായ കൊച്ചുമകൻ അറസ്റ്റിലായി. അരളിക്കട്ടി സ്വദേശിയായ ഭീമപ്പ രാമപ്പ സനാദിയാണ് പൊലീസിൻ്റെ പിടിയിലായത്. കർണാടക സർക്കാരിൻ്റെ ഗൃഹലക്ഷ്മി പദ്ധതിയിലൂടെ മുത്തശ്ശിക്ക് ലഭിച്ചിരുന്ന പ്രതിമാസം 2,000 രൂപ ആവശ്യപ്പെട്ടെങ്കിലും നൽകാൻ വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.
ഹമ്മവ്വ ബാലപ്പ സനാദിയെ നവംബർ 10നാണ് കാണാതായത്. പച്ചാപൂർ ആഴ്ചച്ചന്തയിലേക്ക് പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞാണ് ഇവർ വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതോടെ കുടുംബാംഗങ്ങൾ അന്വേഷണം ആരംഭിച്ചു.
തുടർന്ന് നവംബർ 15ന് ജിനരാൾ ഗ്രാമത്തിന് സമീപമുള്ള ഘടപ്രഭ നദിയിലെ ജലസംഭരണിയിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. രണ്ട് ചാക്കുകളിലാക്കി വലിയ കല്ലുകൾക്കൊപ്പം കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു ഹമ്മവ്വയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തിയ പൊലീസാണ് കൊച്ചുമകനിലേക്ക് എത്തിയത്. പണത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.