ഒട്ടേറെ സ്ത്രീകളെ ധർമ്മസ്ഥലയിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കുഴിച്ചിട്ടുവെന്ന വെളിപ്പെടുത്തൽ നടത്തിയ ആളെ കാണാനില്ലെന്ന് പോലീസ്. സ്‌കൂൾ വിദ്യാർഥിനികളടക്കം നൂറോളം പേരുടെ മൃതദേഹം കുഴിച്ചുമൂടിയെന്ന് ധർമസ്ഥല ക്ഷേത്രം മുൻ ശുചീകരണത്തൊഴിലാളിയാണ് വെളിപ്പെടുത്തിയത്. ദുരൂഹതകൾ പുറത്തുകൊണ്ടുവരാൻ പോലീസ് പരിശ്രമിക്കുന്നതിനിടെയാണ് കാണാനില്ലെന്ന പുതിയ സംഭവം.

സാക്ഷി സംരക്ഷണ നിയമപ്രകാരം ഇയാൾക്ക് പോലീസ് സംരക്ഷണം വാഗ്ദാനം ചെയ്തിട്ടും ആളെ കണ്ടെത്താനായിട്ടില്ല. അതേസമയം, ഇയാളുടെ ബ്രെയിൻ മാപ്പിങ്, വിരലടയാള, നാർക്കോ അനാലിസിസ് പരിശോധനകൾ നടത്താൻ പോലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്.

മുൻ ശുചീകരണ തൊഴിലാളിയുടെ അഭിഭാഷകർ പറയുന്നത് പോലീസ് പറയുന്നത് തെറ്റാണെന്നാണ്. അന്വേഷണവുമായി സഹകരിക്കാൻ പരാതിക്കാരൻ തയ്യാറാണെന്നും എന്നാൽ പോലീസ് പ്രതികരിക്കുന്നില്ലെന്നും അവർ പറഞ്ഞു. പരാതിക്കാരനു വേണ്ടി വക്കാലത്ത് ഏറ്റെടുത്തിട്ടുള്ളത് അഡ്വക്കറ്റുമാരായ എസ്.ജെ. ധീരജ്, അന്യ ഗൗഡ എന്നിവരാണ്.

സംരക്ഷണം നൽകുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ച് ജൂലൈ 10-ന് പരാതിക്കാരന്‍റെ അഭിഭാഷകനെ പോലീസ് അറിയിച്ചിരുന്നു. എന്നാൽ, അതിനുശേഷം ഇ മെയിലിൽ മാത്രമാണ് ആശയവിനിമയം നടന്നതെന്നും പരാതിക്കാരന്‍റെ ഇപ്പോഴത്തെ താമസസ്ഥലത്തെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും ദക്ഷിണ കന്നഡ എസ്‌പി ഡോ. കെ. അരുൺ പറഞ്ഞു.

എഫ്ഐആറിൻ്റെയും പരാതിയുടെയും എഡിറ്റ് ചെയ്‌ത പകർപ്പുകൾ പരാതിക്കാരന്‍റെ അഭിഭാഷകൻ മാധ്യമങ്ങൾക്ക് നൽകിയതിൽ എസ്‌പി ആശങ്ക പ്രകടിപ്പിച്ചു. 4 മണിക്കൂറിലധികം സമയമെടുത്ത് ജൂലൈ 14-ന് പോലീസ് സാക്ഷിയുടെ മൊഴി രേഖപ്പെടുത്തിയതായി അഭിഭാഷകർ പറഞ്ഞു. ജൂലൈ 13-ന് പരാതിക്കാരന്‍റെ താൽക്കാലിക വിലാസം ഇ മെയിൽ വഴി പോലീസിനു കൈമാറിയിരുന്നതായി അഭിഭാഷകർ പറയുന്നു.

Related Posts