ഒരു ദളിതനെ അടുത്ത പ്രധാനമന്ത്രി സ്ഥാനാർഥിയായി നാമനിർദേശം ചെയ്യാൻ ബിജെപിയെ വെല്ലുവിളിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രായപരിധി സംബന്ധിച്ച സമീപകാല പ്രസ്താവന മോദിയുടെ വിരമിക്കൽ സൂചനയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിദ്ധരാമയ്യയുടെ വെല്ലുവിളി. ഒരു ദളിതനെ പ്രധാനമന്ത്രിയാക്കാൻ ബിജെപിക്കുള്ള സുവർണ്ണാവസരമാണിതെന്നും സിദ്ധരാമയ്യ പറഞ്ഞു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
75 വയസ്സായ നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വിരമിക്കലിന്, ‘ആർഎസ്എസ് സർസംഘ്ചാലക് മോഹൻ ഭാഗവത് ഇതിനോടകം സൂചന നൽകിക്കഴിഞ്ഞു. ഒരു ദളിതനെ അടുത്ത പ്രധാനമന്ത്രിയാക്കാനുള്ള ബിജെപിയുടെ സുവർണ്ണാവസരമാണിത്. ഉപദേശം മറ്റുള്ളവർക്ക് നൽകുന്നതിന് പകരം നിങ്ങളിൽ നിന്ന് തന്നെ അത് ആരംഭിക്കട്ടെ.
നിങ്ങൾ എന്തുകൊണ്ട് ഒരു ദളിത് നേതാവിനെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുന്നില്ല? അത് ഗോവിന്ദ് കർജോളോ ചലവാദി നാരായണസ്വാമിയോ ആകട്ടെ, അവരുടെ പേരുകൾ നിങ്ങൾ നിർദ്ദേശിക്കുകയാണെങ്കിൽ, നിങ്ങളെ ആദ്യം അഭിനന്ദിക്കുന്നത് ഞാനായിരിക്കും’ സിദ്ധരാമയ്യ വ്യക്തമാക്കി.
ബിജെപി കർണാടക അധ്യക്ഷൻ വിജയേന്ദ്രയുടെ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. ദളിതർക്കൊപ്പം കോൺഗ്രസ് നിൽക്കുന്നുവെങ്കിൽ, ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
വിജയേന്ദ്രയ്ക്കെതിരെ സിദ്ധരാമയ്യ എക്സിലൂടെ ആഞ്ഞടിച്ചു. താൻ ഇരിക്കുന്ന കസേരയുടെ ഭദ്രത ഉറപ്പാക്കാൻ പോലും കഴിയാത്തയാളാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷനെന്ന് സിദ്ധരാമയ്യ പരിഹസിച്ചു. അത്തരത്തിലുള്ള ഒരാളാണ് കോൺഗ്രസിൻ്റെ പ്രധാനമന്ത്രി സ്ഥാനാർഥി ആരാകണമെന്ന് ഉപദേശിക്കാൻ വരുന്നത്. അദ്ദേഹത്തിന്റെ അജ്ഞതയുടെയും ആത്മവഞ്ചനയുടെയും പ്രകടനം മാത്രമല്ല ‘ഇത്, അഹങ്കാരത്തിൻ്റെ പ്രദർശനം കൂടിയാണ്’ കർണാടക മുഖ്യമന്ത്രി പറഞ്ഞു.
ദളിത് നേതാക്കളെ ബിജെപി പീഡിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബംഗാരു ലക്ഷ്മൺ ‘ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായി ഉയർത്തിയ ദളിത് നേതാവായിരുന്നു . എന്നാൽ പിന്നീട് അഴിമതിയാരോപണങ്ങൾ ചുമത്തി അദ്ദേഹത്തെ അപമാനിച്ച് ജയിലിലടച്ചു. ഈ അപമാനമാണ് ഒടുവിൽ അദ്ദേഹത്തിൻ്റെ മരണത്തിലേക്ക് നയിച്ചത് സിദ്ധരാമയ്യ പറഞ്ഞു.