മന്ത്രി സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് അസംതൃപ്തി പ്രകടിപ്പിക്കുന്ന കോൺഗ്രസ് എംഎൽഎമാർക്ക് കർശന മുന്നറിയിപ്പുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പാർട്ടി അച്ചടക്കത്തിന് വിരുദ്ധമായ നടപടികൾ അംഗീകരിക്കില്ലെന്നും രാജിവെക്കാൻ തീരുമാനിച്ചവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, അത്തരം രാജിക്കത്തുകൾ ലഭിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. മന്ത്രിസഭാ വികസനത്തിൽ അവസരം ലഭിക്കാത്ത നേതാക്കൾ ക്ഷമയോടെ കാത്തിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വിവിധ ബോർഡുകളിലും കോർപ്പറേഷനുകളിലും ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് ഉടൻ നിയമനങ്ങൾ നടത്തുമെന്നും, അർഹരായവർക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാഷ്ട്രീയത്തിൽ രാജി പ്രഖ്യാപനങ്ങൾ അസാധാരണമല്ലെന്നും, ആരുടെയും രാജി തടയാൻ കഴിയില്ലെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു. “പാർട്ടിയുടെ വളർച്ചയും ഭാവിയുമാണ് ഏറ്റവും പ്രധാനപ്പെട്ടത്. പാർട്ടി നിലനിൽക്കുമ്പോഴാണ് എല്ലാവർക്കും രാഷ്ട്രീയ ഭാവിയുള്ളത്,” എന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. മന്ത്രിസഭാ വികസനത്തിന് പിന്നാലെ ഉയർന്ന ആഭ്യന്തര അസംതൃപ്തിക്കിടെയാണ് മുഖ്യമന്ത്രിയുടെ ഈ കർശന മുന്നറിയിപ്പ്.