ബംഗളുരുവിലെ വ്യവസായിയെയും ബിജെപി യുവമോർച്ച പ്രവർത്തകനായ മകനെയും ആന്ധ്രാപ്രദേശിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ചൊവ്വാഴ്‌ചയായിരുന്നു സംഭവം. ബെംഗളൂരു കഡുഗോഡി നിവാസികളായ വീരസ്വാമി റെഡ്ഡി, മകൻ പ്രശാന്ത് റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. അജ്ഞാതസംഘം ഇരുവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.

വീരസ്വാമിയും മകനും ബെംഗളൂരുവിൽ നിന്ന് ഒരു ചെക്ക് കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾക്കായാണ് ആന്ധ്രയിലേക്ക് പോയത്. പൽനാഡു നരസാരോപേട്ടിലെ ജില്ലാ കോടതിയിലായിരുന്നു കേസ്. അക്രമികൾ ഇരുവരെയും കോടതിപരിസരത്തെ ടിഫിൻസെന്‍ററിന് സമീപത്തുനിന്നാണ് തട്ടിക്കൊണ്ടു പോയതെന്നാണ് വിവരം. ഇരുവരെയും പിന്നീട് ശാന്തമഗുളൂരുവിന് സമീപം കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തുകയായിരുന്നു.

മൃതദേഹം കഴുത്തറത്തനിലയിലായിരുന്നു. പോലീസിന്‍റെ പ്രാഥമികനിഗമനം സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നാണ്. അതേസമയം, കൊലപാതകത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. ഇരുവരെയും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനം തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

Related Posts