കർണാടക ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് പാചകവാതക വിതരണക്കമ്പനികളുടെ പ്രതിനിധികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പാശ്ചാത്തലത്തിൽ പാചകവാതകക്ഷാമം രൂക്ഷമായതോടെയാണിത്.
20 ദിവസം കൂടുമ്പോൾ സംസ്ഥാനത്തെ ഓരോ വീട്ടിലും പാചകവാതക സിലിൻഡറുകൾ നൽകുമെന്ന് ഉറപ്പുവരുത്തിയതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി കെ.എച്ച്. മുനിയപ്പ നിയമസഭയിൽ അറിയിച്ചു. ഒന്നിലധികം സിലിൻഡറുകൾ ബുക്ക് ചെയ്യുന്നത് നിർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പാചകവാതകം ലഭിക്കാതിരിക്കുന്ന സാഹചര്യം വരുന്നതായുള്ള ആശങ്കകൾക്കിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ജനങ്ങൾ ഭയക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മന്ത്രിപറഞ്ഞു. സിലിൻഡറുകൾ നിയമവിരുദ്ധമായി വിൽപ്പന നടത്തുകയോ പൂഴ്ത്തിവെക്കുകയോ ചെയ്യുന്നവരുടെ പേരിൽ അവശ്യസേവനനിയമപ്രകാരം നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. കരിഞ്ചന്തയിൽ സിലിൻഡറുകൾ വിതരണം ചെയ്യുന്നതിനും ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരേ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.