പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ പത്തനംതിട്ടയിലെത്തി. ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച അദ്ദേഹം ദുരിതബാധിതരുമായി നേരിട്ട് സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജില്ലയിൽ ആവർത്തിച്ചുണ്ടാകുന്ന പ്രളയപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നദികളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും, അതിന് ആദ്യ മുൻഗണന പത്തനംതിട്ട ജില്ലയ്ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥിരം ദുരന്തനിവാരണ സംവിധാനത്തിന് തുടക്കം കുറിക്കുന്നത് പത്തനംതിട്ടയിലായിരിക്കുമെന്നും വിവിധ ഏജൻസികളെ ഏകോപിപ്പിച്ചുള്ള ആധുനിക മുന്നറിയിപ്പ് സംവിധാനവും ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതിതീവ്ര മഴയും വനമേഖലകളിലുണ്ടായ ഉരുൾപൊട്ടലും കാരണം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാൻ പോലും മതിയായ സമയം ലഭിച്ചില്ലെന്നും, ഭാവിയിൽ ഇത്തരം സാഹചര്യം ഒഴിവാക്കാൻ കൂടുതൽ ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തന സംവിധാനങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത പ്രളയത്തിനായി കാത്തിരിക്കാതെ പ്രതിരോധ നടപടികൾ ഉടൻ നടപ്പാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.