അടിമാലിയിൽ മണ്ണിടിച്ചിൽ, രാത്രി മുഴുവൻ നീണ്ട രക്ഷാപ്രവർത്തനം, ഭർത്താവ് മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ
കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ അടിമാലി ലക്ഷം വീട് കോളനി ഭാഗത്ത് രാത്രിയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. വീടിൻ്റെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ദമ്പതികളിൽ ഭർത്താവ് ബിജു ആണ് മരണപ്പെട്ടത്. ഭാര്യ സന്ധ്യയെ രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.
നാട്ടുകാരും അഗ്നിശമനസേനയും ചേർന്ന് അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബിജുവിനെയും സന്ധ്യയെയും പുറത്തെടുത്തത്. ആദ്യം സന്ധ്യയെ രക്ഷപ്പെടുത്താനായി. അവരെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ ശേഷം, അവിടെയുണ്ടായ പരിശോധനയ്ക്ക് പിന്നാലെ ആലുവ രാജഗിരി ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. സന്ധ്യയ്ക്ക് കാലിന് പരിക്കേറ്റതായും ശ്വാസതടസ്സം അനുഭവപ്പെടുന്നതായും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.
സന്ധ്യയെ പുറത്തെടുത്ത് ഏകദേശം ഒരു മണിക്കൂറിന് ശേഷം ബിജുവിനെയും പുറത്തെടുത്തു. വീടിൻ്റെ അവശിഷ്ടങ്ങൾ നീക്കാൻ രണ്ട് മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചു. പുറത്തെടുത്തപ്പോഴേക്കും ബിജുവിൻ്റെ നില അതീവ ഗുരുതരമായിരുന്നു, തുടർന്ന് ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി 10.30 ഓടെയാണ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായത്. 50 അടിയിലധികം ഉയരമുള്ള തിട്ടയുടെ ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിച്ചു. ഇതിൽ രണ്ടു വീടുകൾ പൂർണ്ണമായും തകർന്നു.
മഴമുന്നറിയിപ്പിനെ തുടർന്ന് പ്രദേശത്തെ 25ഓളം കുടുംബങ്ങളെ മുൻകരുതലായി ക്യാമ്പിലേക്ക് മാറ്റിയിരുന്നു. എന്നാൽ പ്രധാനപ്പെട്ട രേഖകൾ എടുക്കാനായി ബിജുവും സന്ധ്യയും വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്.