ബെംഗളൂരു നഗരത്തിലെ ട്രാഫിക് കുരുക്ക് അഴിക്കാന്‍ നടപ്പാക്കുന്ന തുരങ്ക റോഡുകള്‍ക്ക് കുരുക്ക്. പദ്ധതി ലാല്‍ബാഗിലെ മരങ്ങള്‍ക്ക് ഭീഷണിയാണ് എന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടല്‍ ഉണ്ടായിരിക്കുന്നു. കർണാടക സര്‍ക്കാരില്‍ നിന്ന് വിശദീകരണം ചോദിച്ചിരിക്കുകയാണ് കോടതി. ചൊവ്വാഴ്ച പ്രതികരണം അറിയിക്കണം. കെആര്‍ പുര മുതല്‍ മൈസൂരു റോഡ് വരെയും ഹെബ്ബാല്‍ ജങ്ഷന്‍ മുതല്‍ സില്‍ക്ക് ബോര്‍ഡ് വരെയും രണ്ട് ആറുവരി തുരങ്ക പാതകളാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നത്. തുരങ്കം നിര്‍മിക്കുന്നതിന് ആവശ്യമായ മെഷീനുകള്‍ ജര്‍മനിയില്‍ നിന്നും ചൈനയില്‍ നിന്നുമാണ് എത്തിക്കുന്നത്. ഇതിൻ്റെ കൈമാറ്റത്തിന് ഒരു വര്‍ഷത്തിലധികം വേണ്ടി വരും. 18000 കോടി രൂപയിലധികം ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് നാല് വര്‍ഷത്തില്‍ കൂടുതല്‍ വേണ്ടി വരുമെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. ഇത്രയും രൂപ ചെലവിട്ട് നിര്‍മിച്ചാലും ബെംഗളൂരു നഗരത്തിൻ്റെ ട്രാഫിക് കുരുക്ക് അഴിയില്ല എന്നാണ് പ്രധാന വിമര്‍ശനം. പദ്ധതി പരിസ്ഥിതിക്ക് കോട്ടമുണ്ടാകും. ഉയര്‍ന്ന ടോള്‍ നല്‍കേണ്ടി വരുമെന്നതും സമ്പന്നര്‍ക്ക് മാത്രമാകും യാത്ര സാധ്യമാകുക എന്നും തുടങ്ങിയ വിമര്‍ശനങ്ങളെല്ലാം പദ്ധതിക്കെതിരെയുണ്ട്.

‘ലാല്‍ബാഗിന് യാതൊരു കോട്ടവും സംഭവിക്കില്ല. അതിൻ്റെ അടിയിലൂടെയാണ് തുരങ്ക പാത പോകുന്നത്. ഒരു ഭാഗത്ത് കുറച്ച് ഭൂമി താല്‍ക്കാലികമായി ഉപയോഗിക്കും. അത് പിന്നീട് പാര്‍ക്ക് ആക്കി മാറ്റും. ഭൂമിക്ക് അടിയിലൂടെയാണ് പാത കടന്നുപോകുക. പുറത്ത് ഒന്നും ചെയ്യുന്നില്ല.’ ഡികെ പറഞ്ഞു.

‘ആര് എതിര്‍ക്കുന്നതും തനിക്ക് പ്രശ്‌നമല്ല. ബിജെപി കോടതിയെ സമീപിച്ചത് അറിഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം നടത്തുന്നത് തടയുകയാണ് അവര്‍. ഏതെങ്കിലും ഭൂമി ഏറ്റെടുത്തല്ല സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ക്രൈസ്റ്റ് കോളജിന് അടുത്തുള്ള ചെറിയ സ്ഥലം മാത്രമാണ് ഉപയോഗിക്കുന്നത്’ ശിവകുമാര്‍ പറഞ്ഞു.

Related Posts