എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിൽ വിചാരണ നാലുമാസത്തിനകം പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിക്കാണ് ഹൈക്കോടതി സമയപരിധി നിശ്ചയിച്ച് നിർദേശം നൽകിയത്. അഭിമന്യുവിൻ്റെ അമ്മ ഭൂപതിയുടെ ഹർജിയിലാണ് കോടതി ഇടപെട്ടത്. ഇനിമുതൽ കേസിൽ സമയപരിധി നീട്ടിനൽകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

2018 ജൂലൈ 2-ന് എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിൽ ആകെ 30 പ്രതികളാണുള്ളത്. ഇതിൽ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തതായി കണ്ടെത്തിയ 16 പേർക്കെതിരെ ഏകദേശം 1,500 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിരിക്കുന്നത്.

മുഖ്യപ്രതിയെ ദീർഘനാളോളം പിടികൂടാനാകാതിരുന്നതും, കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന 11 സുപ്രധാന രേഖകൾ കാണാതായ സംഭവവും കേസിനെ വിവാദത്തിലാഴ്ത്തിയിരുന്നു. എട്ട് വർഷത്തോളമായി വിചാരണ നീണ്ടുപോകുന്നതിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കോടതി കർശന സമയപരിധി നിശ്ചയിച്ച് നടപടി സ്വീകരിച്ചത്.

Related Posts