കമൽഹാസൻ ചിത്രം തഗ് ലൈഫ് കർണാടകത്തിൽ റിലീസ് ചെയ്യണമെന്ന് സുപ്രീംകോടതി. സംസ്ഥാനത്ത് തഗ് ലൈഫിൻ്റെ റിലീസ് നിരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ ചൊവ്വാഴ്ച കർണാടക ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച സുപ്രീം കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു. ‘തമിഴിൽ നിന്നാണ് കന്നഡ ഭാഷ ജന്മം കൊണ്ടതെന്ന’ പരാമർശത്തിൻ്റെ പേരിൽ ചിത്രത്തിന്റെ റിലീസ് തടയുമെന്ന് ഭീഷണിപ്പെടുത്തിയ ഗ്രൂപ്പുകളെ സുപ്രീം കോടതി വിമർശിച്ചു.
തലയ്ക്ക് നേരെ തോക്ക് ചൂണ്ടി സിനിമ കാണുന്നതിൽ നിന്ന് ആളുകളെ തടയാൻ സാധിക്കില്ലെന്നും നിയമവാഴ്ച സ്ഥാപിക്കേണ്ടതുണ്ടെന്നും ജസ്റ്റിസുമാരായ ഉജ്ജൽ ഭൂയാൻ, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ‘ഗുണ്ടകളുടെ കൂട്ടങ്ങളെ’ തിയേറ്ററുകളിൽ എന്ത് പ്രദർശിപ്പിക്കണമെന്ന് തീരുമാനിക്കാൻ അനുവദിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സിനിമയുടെ പേരിൽ തെരുവിലിറങ്ങാൻ ജനക്കൂട്ടത്തെ അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ്റെ അനുമതി ഒരു സിനിമയ്ക്ക് ലഭിച്ചുകഴിഞ്ഞാൽ അത് സംസ്ഥാനം മുഴുവൻ റിലീസ് ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. സംസ്ഥാനത്ത് സിനിമയുടെ റിലീസ് സംബന്ധിച്ച തീരുമാനം അറിയിക്കാൻ കർണാടക സർക്കാരിന് സുപ്രീം കോടതി ഒരു ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ചിത്രത്തിന്റെ പ്രദർശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹേഷ് റെഡ്ഡി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിച്ചായായിരുന്നു കോടതിയുടെ നിരീക്ഷണം.
കമൽഹാസൻ്റെ കന്നഡ ഭാഷയെക്കുറിച്ചുള്ള പരാമർശത്തിൽ മാപ്പ് പറയണമെന്ന ഹൈക്കോടതിയുടെ സമീപകാല നിരീക്ഷണങ്ങളെയും സുപ്രീം കോടതി വിമർശിച്ചു. ഹൈക്കോടതിക്ക് വിഷയത്തിൽ മാപ്പ് ചോദിക്കേണ്ട ആവശ്യം ഇല്ലെന്നും സുപ്രിംകോടതി പറഞ്ഞു. കർണാടക ഹൈക്കോടതിയിലുണ്ടായിരുന്ന സിനിമയുമായി ബന്ധപ്പെട്ട കേസ് സുപ്രിംകോടതിയിലേക്ക് മാറ്റി. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും.