ഗവർണർക്കെതിരേ ഭാരതാംബ ചിത്ര വിവാദത്തിന്റെ പേരിൽ എസ്എഫ്ഐയുടെ പ്രതിഷേധം. ഇന്നു രാവിലെ കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്തിനുസമീപം എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സെനറ്റ് യോഗത്തിൽ പങ്കെടുക്കാനെത്തിയ ഗവർണർക്കുനേരേ ബാനറുകളും മഹാത്മാഗാന്ധിയുടെയും ഡോ. അംബേദ്കറുടെയും ചിത്രങ്ങളുമായി മുദ്രാവാക്യം വിളികളോടെ പ്രതിഷേധക്കാർ എത്തി.
പോലീസ് ഇവരെ തടഞ്ഞുമാറ്റി ഗവർണർക്ക് വഴിയൊരുക്കുകയായിരുന്നു. കഴിഞ്ഞദിവസം രാജ്ഭവനു മുന്നിലും എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇവരെ പോലീസ് തടഞ്ഞിരുന്നു. അതേസമയം ഇന്നു വൈകുന്നേരം രാജ്ഭവനിൽ നടക്കുന്ന പ്രഭാഷണ പരിപാടിയിലും ഭാരതാംബയുടെ ചിത്രം ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാരതത്തിൻ്റെ ഏകതയുടെ പ്രതീകമാണ് ഭാരതാംബയെന്നാണ് ഗവർണർ ആർലേക്കർ വ്യക്തമാക്കിയത്.