ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ നാളെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധം സംഘടിപ്പിക്കുക.

ഗ്യാനേഷ് കുമാറിനെതിരെ കോൺഗ്രസ് നടത്തിയ പ്രതിഷേധം മണിക്കൂറുകൾ നീണ്ടിരുന്നു. കോൺഗ്രസ് എംപിമാർ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ആരംഭിച്ച മാർച്ചും തുടർന്നുണ്ടായ പ്രതിഷേധവും സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതിന് പിന്നാലെ സമരം ആകാശവാണി ഭവന് മുന്നിലെ കുത്തിയിരിപ്പ് സമരമായി മാറുകയായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ച അനുവദിച്ചില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും ആവശ്യമെങ്കിൽ ബലം പ്രയോഗിച്ച് നീക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്ത്യ സഖ്യത്തിലെ എംപിമാരുമായി കൂടിക്കാഴ്ച നടത്താനാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിക്കുകയായിരുന്നു. തുടർന്ന് വൈകിട്ട് 7.45ഓടെ കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സംഭവത്തിൽ പ്രതിഷേധിച്ചാണ് കെപിസിസി സംസ്ഥാന വ്യാപക സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Related Posts