കേരളത്തിൽ വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഹിമാചൽ പ്രദേശിൽനിന്നുള്ള വൈദ്യുതി ലഭ്യത നിലയ്ക്കുന്നതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. കഴിഞ്ഞ മാസം വൈകുന്നേരങ്ങളിലെ ഉയർന്ന ആവശ്യകതയുള്ള സമയങ്ങളിൽ 850 മെഗാവാട്ട് വരെ വൈദ്യുതി അവിടെനിന്ന് ലഭിച്ചിരുന്നു. ഇത് സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വലിയ സഹായമായിരുന്നു.
അതേസമയം, ഇന്നത്തെ അവധി ദിനമായതിനാൽ വൈദ്യുതി ഉപഭോഗം കുറയുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. ഉത്തരേന്ത്യയിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ വൈദ്യുതി ഉപഭോഗം കുറയുകയും ഉൽപാദനം വർധിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയും അധികൃതർക്കുണ്ട്.
ഈ മാസം 15 വരെ തത്സമയ വൈദ്യുതി വിപണിയിൽനിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി മറികടക്കാനാകുമെന്നാണ് കെഎസ്ഇബിയുടെയും സർക്കാരിൻ്റെയും വിലയിരുത്തൽ. എന്നാൽ ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ ലോഡ് ഷെഡിങ് ഒഴിവാക്കാനാകാത്ത സാഹചര്യമുണ്ടായേക്കും.