കാലത്തിൻ്റെ മാറ്റങ്ങൾക്കനുസരിച്ച് ഫുട്ബോളും സാങ്കേതികവിദ്യയും കൈകോർക്കുന്ന പുതിയ യുഗത്തിന് തുടക്കമായി. ചിപ്പുകൾ ഘടിപ്പിച്ച ട്രിയൊണ്ട പന്തും, കളിക്കാരുടെ ഓരോ ചലനവും വിശകലനം ചെയ്യുന്ന എഐ സംവിധാനങ്ങളും അണിനിരക്കുന്ന 2026 ഫിഫ ലോകകപ്പ് ഔദ്യോഗികമായി ആരംഭിച്ചു. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ നേരിട്ടതോടെയാണ് ലോകകപ്പിന് കിക്കോഫ് ആയത്.

മെക്സിക്കോ സിറ്റിയിലെ ചരിത്രപ്രസിദ്ധമായ ആസ്‌ടെക്ക സ്റ്റേഡിയമാണ് ഉദ്ഘാടന വേദിയായത്. മെക്സിക്കോയ്ക്കൊപ്പം സഹആതിഥേയരായ അമേരിക്കയിലും കാനഡയിലും ആഘോഷപരിപാടികൾ അരങ്ങേറി. സംഗീതവും സംസ്കാരവും നിറഞ്ഞ ചടങ്ങുകൾ ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിലാഴ്ത്തി.

കൊളംബിയൻ പോപ് ഗായിക ഷക്കീറയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ലോകകപ്പിൻ്റെ ഔദ്യോഗിക ഗാനമായ “ഡായ്… ഡായ്…” ഉദ്ഘാടന വേദിയെ ആവേശഭരിതമാക്കി. ബ്രൂണ ബോയുമായുള്ള ഷക്കീറയുടെ സംഗീതസംഗമം ചടങ്ങിൻ്റെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറി.

1970ലും 1986ലും ലോകകപ്പിന് വേദിയായിരുന്ന മെക്സിക്കോ, മൂന്നാം തവണയാണ് ഈ ബഹുമതി നേടുന്നത്. 1994ന് ശേഷം അമേരിക്ക രണ്ടാം തവണയും ലോകകപ്പ് ആതിഥേയത്വം വഹിക്കുമ്പോൾ, കാനഡ ആദ്യമായി ലോകകപ്പ് വേദിയാകുന്ന ചരിത്ര നേട്ടവും സ്വന്തമാക്കി.

ആതിഥേയ രാജ്യങ്ങളുടെ ചരിത്രവും പൈതൃകവും സംസ്കാരവും സമന്വയിപ്പിച്ച ഉദ്ഘാടന ചടങ്ങ് പ്രേക്ഷകർക്ക് വ്യത്യസ്തമായ അനുഭവമായി. ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകിയ മാർക്കോ ബാലിച്ച് ആയിരുന്നു ഈ ലോകകപ്പ് ഉദ്ഘാടനത്തിൻ്റെയും ക്രിയേറ്റീവ് ഡയറക്ടർ.

ജെ. ബാൽവിൻ, ടൈല, മനാ, ബെലിൻഡ, ലില ഡൗൺസ്, അലജാൻഡ്രോ ഫെർണാണ്ടസ്, ലോസ് ഏയ്ഞ്ചലസ് അസുലെസ് തുടങ്ങി നിരവധി അന്താരാഷ്ട്ര സംഗീതതാരങ്ങൾ ചടങ്ങിന് മാറ്റുകൂട്ടി.

ഒരു മാസം നീളുന്ന ഫുട്ബോൾ മാമാങ്കത്തിനാണ് ഇതോടെ തുടക്കമായത്. വരും ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിലെത്തിക്കാൻ ഗോൾ മഴയും വീരപ്പോരാട്ടങ്ങളും കാത്തിരിക്കുന്നു.

Related Posts