ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് സമനില. രണ്ടാം ഇന്നിങ്സിൽ ഫോളോഓൺ ചെയ്ത ശ്രീലങ്ക അവസാന ദിവസം ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 429 റൺസെടുത്തതോടെയാണ് മത്സരം സമനിലയിൽ അവസാനിച്ചത്. ഇതോടെ ആദ്യ ടെസ്റ്റിൽ നേടിയ വിജയത്തിൻ്റെ പിൻബലത്തിൽ ഇന്ത്യ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര 1-0ന് സ്വന്തമാക്കി.
ഇന്ത്യയുടെ വിജയപ്രതീക്ഷകൾക്ക് പ്രധാന തിരിച്ചടിയായത് ശ്രീലങ്കൻ മധ്യനിര താരം സോനൽ ദിനുഷയുടെ മികച്ച ബാറ്റിങ്ങായിരുന്നു. രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടിയ ദിനുഷ 264 പന്തിൽ രണ്ട് സിക്സും എട്ട് ഫോറുമടക്കം 133 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്സിലും താരം 103 റൺസ് നേടിയിരുന്നു.
നാലാം ദിനം കളി അവസാനിക്കുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 229 റൺസെന്ന നിലയിലായിരുന്നു ശ്രീലങ്ക. ഏഴ് റൺസുമായി ദിനുഷയും മൂന്ന് റൺസുമായി കേശര നുവാന്തയുമായിരുന്നു ക്രീസിൽ. അഞ്ചാം ദിനം ഇരുവരും ചേർന്ന് ഇന്ത്യൻ ബൗളർമാരെ ഏറെ നേരം പ്രതിരോധിച്ചതോടെ മത്സരത്തിൻ്റെ ഗതി മാറി.
ശ്രീലങ്ക 330 റൺസിലെത്തിയപ്പോൾ 46 റൺസെടുത്ത കേശര നുവാന്തയെ ഇന്ത്യ പുറത്താക്കി. എന്നാൽ പിന്നീട് ക്രീസിലെത്തിയ ബാറ്റർമാരെ കൂട്ടുപിടിച്ച് ദിനുഷ ചെറുത്തുനിൽപ്പ് തുടർന്നു. ഇന്ത്യൻ പേസർമാരും സ്പിന്നർമാരും പല തന്ത്രങ്ങളും പരീക്ഷിച്ചെങ്കിലും ദിനുഷയെ പുറത്താക്കാൻ സാധിച്ചില്ല.
ശ്രീലങ്കയുടെ വാലറ്റത്ത് ലാഹിരു കുമാരയും നിർണായക പ്രകടനം നടത്തി. 90 പന്തുകൾ നേരിട്ട താരം രണ്ട് റൺസുമായി പുറത്താകാതെ നിന്നു. അദ്ദേഹത്തിൻ്റെ പ്രതിരോധവും ഇന്ത്യയുടെ വിജയസാധ്യതകൾ ഇല്ലാതാക്കുന്നതിൽ നിർണായകമായി. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 503 റൺസിന് മറുപടിയായി ശ്രീലങ്ക 290 റൺസിന് എല്ലാവരും പുറത്തായിരുന്നു. ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണയും മാനവ് സുതാറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.