വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് സ്പെയിനിലേക്ക് ആദ്യ നേരിട്ടുള്ള ചരക്ക് കയറ്റുമതിയുമായി കപ്പൽ പുറപ്പെട്ടു. ‘എംഎസ്‌സി ബെറിൽ’ എന്ന കപ്പലാണ് എട്ട് കണ്ടെയ്നറുകളുമായി സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക് യാത്ര തിരിച്ചത്.
കഴിഞ്ഞ ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത രണ്ട് കണ്ടെയ്നറുകളും കയറ്റുമതിയുടെ ഭാഗമാണ്. ഇതിൽ ഒരു കണ്ടെയ്നറിൽ ഭക്ഷ്യവസ്തുക്കളും മറ്റൊന്നിൽ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേയുടെ ഉൽപന്നങ്ങളുമാണ്. കൊച്ചിയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തെത്തിച്ച സീഫുഡ് ഉൾപ്പെടെയുള്ള മറ്റ് ആറ് കണ്ടെയ്നറുകളും കപ്പലിൽ കയറ്റിയിട്ടുണ്ട്.
വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട കപ്പൽ പോർച്ചുഗലിലെ ‘പോർട്ട് ഓഫ് സയൻസ്’ തുറമുഖത്തും തുടർന്ന് സ്പെയിനിലെ വലൻസിയ തുറമുഖത്തുമാണ് എത്തുക. വിഴിഞ്ഞം തുറമുഖത്തിൻ്റെ നേരിട്ടുള്ള അന്താരാഷ്ട്ര കയറ്റുമതി കണക്റ്റിവിറ്റി കൂടുതൽ ശക്തിപ്പെടുത്തുന്നതിലെ സുപ്രധാന ചുവടുവയ്പ്പാണിതെന്ന് അധികൃതർ വ്യക്തമാക്കി.
കേരളത്തിൽ നിന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്ക് ചരക്ക് എത്തിക്കാൻ നിലവിൽ സാധാരണയായി 60 ദിവസത്തോളം വേണ്ടിവരുന്ന സാഹചര്യത്തിൽ, വിഴിഞ്ഞം തുറമുഖം വഴി ഏകദേശം 20 ദിവസത്തിനുള്ളിൽ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഗതാഗത സമയം ഗണ്യമായി കുറയുന്നതോടെ കയറ്റുമതി മേഖലയ്ക്ക് വലിയ സമയലാഭത്തിനൊപ്പം സാമ്പത്തിക നേട്ടവും ലഭിക്കുമെന്നാണ് പ്രതീക്ഷ. യൂറോപ്യൻ വിപണിയിലേക്കുള്ള കേരളത്തിൻ്റെ ചരക്ക് കയറ്റുമതിക്ക് വിഴിഞ്ഞം കൂടുതൽ പ്രാധാന്യമുള്ള കവാടമായി മാറുന്നതിനും പുതിയ സർവീസ് സഹായകമാകും.