സെക്രട്ടേറിയേറ്റിന് മുന്നിൽ നിരാഹാര സമരമിരിക്കുന്ന ആശാവർക്കർമാരുമായി ചർച്ചയ്ക്കൊരുങ്ങി സർക്കാർ. നാളെ വൈകുന്നേരം 3 മണിയോടെ ആശാവർക്കർമാരുമായി ആരോഗ്യമന്ത്രി ചർച്ച നടത്തും. ആദ്യ ചർച്ച അലസിപ്പിരിഞ്ഞതിന് പിന്നാലെ ഇത് രണ്ടാം തവണയാണ് ആശമാരെ ചർച്ചയ്ക്ക് വിളിക്കുന്നത്.
എന്നാൽ സമരം തീരണമെങ്കിൽ ആവശ്യങ്ങൾ അംഗീകരിക്കണമെന്ന് ആശാവർക്കർമാർ പ്രതികരിച്ചു. വ്യക്തതയുള്ള ഉത്തരവ് കിട്ടിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് ആശമാർ. ചർച്ചയിലേക്ക് ഐഎൻടിയുസി, സിഐടിയു നേതാക്കളെയും വിളിച്ചിട്ടുണ്ട്. സർക്കാർ ആശമാരുടെ നിരാഹാര സമരം പത്തുദിവസം പിന്നിട്ടിട്ടും അയയാതെ നിൽക്കുകയായിരുന്നു.
അനിശ്ചിതകാല നിരാഹാരം തുടരുന്ന ആശമാർ കഴിഞ്ഞ ദിവസം തല മുണ്ഡനം ചെയ്‌തും മുടി മുറിച്ചും പ്രതിഷേധിച്ചിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി ഇന്നലെ സംസ്ഥാന ആരോഗ്യമന്ത്രി വീണാജോർജ്ജ് കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഈ ചർച്ചയിൽ ആശാവർക്കർമാരുടെ വിഷയവും ചർച്ച ചെയ്‌തിരുന്നതായിട്ടാണ് വിവരം. നദ്ദയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ഇൻസെൻ്റിവ് കൂട്ടുന്ന കാര്യം കേന്ദ്രം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചിരുന്നു.
ആശമാരുടെ പ്രശ്‌നങ്ങൾ ഉൾപ്പടെ സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ കേന്ദ്ര മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും എല്ലാം അദ്ദേഹം വളരെ വിശദമായി കേട്ടുവെന്നും പറഞ്ഞു. ആശ വർക്കർമാരുടെ ഇൻസെൻ്റിവ് വർധിപ്പിക്കുന്നതും അവരെ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ കൊണ്ടുവരുന്നതുൾപ്പടെ സംസാരിച്ചു. ഇൻസെൻ്റിവ് ഉയർത്തുന്നത് കേന്ദ്രസർക്കാരിൻ്റെ പരിഗണണനയിലാണെന്ന് മന്ത്രി പറഞ്ഞുവെന്നും പറഞ്ഞു