മകൻ്റെ മര്‍ദ്ദനമേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. തിരുവന്തപുരം കിളിമാനൂര്‍ പൊരുന്തമണ്‍ സ്വദേശി ഷിബു എന്ന ഹരികുമാര്‍ (52) ആണ് മരിച്ചത്. കഴിഞ്ഞ 15 ന് വൈകുന്നേരം ആണ് ഹരികുമാറിന് മകന്റെ മര്‍ദ്ദനമേറ്റത്. മകന്‍ ആദിത്യ കൃഷ്ണന്‍ (22) അവൻ്റെ അമ്മയുടെ മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങിയ വിവരം ‘അമ്മ ഹരികുമാറിനെ അറിയിച്ചതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. ഹരികുമാര്‍ മൊബൈല്‍ തിരിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ എത്തിയത്. അമ്മയോട് ഇടയ്‌ക്കിടെ പൈസ ചോദിക്കുന്നതിനെയും അച്ഛന്‍ ചോദ്യം ചെയ്തതോടെ ഹരികുമാറിനെ മകന്‍ പിടിച്ച് തള്ളിയിട്ടു. തള്ളിയിട്ട ഹരികുമാര്‍ മുറ്റത്തുണ്ടായിരുന്ന കല്ലിന് മുകളിലേക്ക് വീണു. വീഴ്ചയുടെ ആഘാതത്തിൽ തലയ്‌ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെ മരിക്കുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണകാരണം വ്യക്തമാകു. പിന്നീട് മരുമകൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മകനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൻ്റെ ഭാഗമായി മകന്‍ ആദിത്യ കൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Posts