രാജ്യത്ത് രണ്ടക്ക സാമ്പത്തികവളർച്ച നേടുന്ന ഏക സംസ്ഥാനമായി തമിഴ്നാട്; ദ്രാവിഡ മാതൃകയാണെന്ന് സ്റ്റാലിൻ
തമിഴ്നാട് കഴിഞ്ഞവർഷം മൊത്തം സംസ്ഥാന ആഭ്യന്തര ഉത്പാദനത്തിൽ (ജിഎസ്ഡിപി) 11.19 ശതമാനം വളർച്ച കൈവരിച്ചു. രാജ്യത്ത് രണ്ടക്ക സാമ്പത്തികവളർച്ച നേടുന്ന ഏക സംസ്ഥാനമാണ് തമിഴ്നാട് എന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഓഗസ്റ്റ് 1നു കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ, പദ്ധതി നിർവഹണ മന്ത്രാലയം തയ്യാറാക്കിയ പുതുക്കിയ കണക്കനുസരിച്ച് 2024-25 വർഷം തമിഴ്നാടിന്റെ ജിഎസ്ഡിപി 17.3 ലക്ഷം കോടി രൂപയാണ്. മുൻവർഷം 15.6 ലക്ഷം കോടിയായിരുന്ന സ്ഥാനത്താണിത്.
സംസ്ഥാനം 14 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് രണ്ടക്ക സാമ്പത്തികവളർച്ച കൈവരിക്കുന്നത്. സംസ്ഥാനം 2010-11 വർഷം 13.13 ശതമാനം വളർച്ച നേടിയിരുന്നു. അപ്പോഴും ഡിഎംകെ സർക്കാരായിരുന്നു അധികാരത്തിൽ. ജിഎസ്ഡിപിയിൽ രാജ്യത്ത് തമിഴ്നാടിനു മുന്നിലുള്ളത് മഹാരാഷ്ട്ര മാത്രമാണ്. (26.1 ലക്ഷം കോടി രൂപ). പക്ഷേ, അവിടത്തെ വളർച്ച നിരക്ക് 7.27 ശതമാനം മാത്രമാണ്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കർണാടകം- 15.7 ലക്ഷം കോടി(7.37 ശതമാനം), തെലങ്കാന 8.3 ലക്ഷം കോടി (8.08 ശതമാനം), കേരളം 6.8 ലക്ഷം കോടി (6.19 ശതമാനം), ആന്ധ്ര 8.6 ലക്ഷം കോടി (8.21 ശതമാനം), എന്നിങ്ങനെയാണ് ജിഎസ്ഡിപി (വളർച്ച നിരക്ക് ബ്രാക്കറ്റിൽ). സംസ്ഥാന സർക്കാർ തമിഴ്നാട്ടിൽ 9 ശതമാനം വളർച്ചയാണ് ബജറ്റിൽ പ്രതീക്ഷിച്ചിരുന്നത്.
ഏപ്രിലിലെ കേന്ദ്രസർക്കാരിൻ്റെ കണക്കനുസരിച്ച് ഇത് 9.69 ശതമാനമായിരുന്നു. യഥാർഥ കണക്ക് രണ്ടിനെയും മറികടന്നിരിക്കുകയാണ്.ഡൽഹിയാണ് (2,83,093 രൂപ) ആളോഹരി വരുമാനത്തിൽ രാജ്യത്ത് മുന്നിൽ. 2,04,605 രൂപയുമായി കർണാടകം രണ്ടാം സ്ഥാനത്താണ്. തമിഴ്നാട് 1,97,746 രൂപയുമായി മൂന്നാമതും. കേരളത്തിൻ്റെ ആളോഹരി വരുമാനം 1,73,817 രൂപയാണ് . ഗോവയും ഗുജറാത്തും ഉൾപ്പെടെ 6 സംസ്ഥാനങ്ങളുടെ കണക്ക് പുറത്തുവിട്ടിട്ടില്ല.