കെഎസ്ആർടിസിയിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനുമായി ആരംഭിച്ച സൗജന്യ യാത്രാ പദ്ധതിയെ സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. സ്ത്രീകളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുന്ന ഈ പദ്ധതി മികച്ചതാണെന്നും അതിൻ്റെ വിജയത്തിനായി ആശംസകൾ നേർന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് പദ്ധതിയുടെ ആനുകൂല്യം കൂടുതൽ പ്രയോജനപ്പെടേണ്ടതെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. സൗജന്യ യാത്രയ്ക്ക് അർഹതയുണ്ടെങ്കിലും ടിക്കറ്റ് എടുക്കാൻ സാമ്പത്തിക ശേഷിയുള്ള സ്ത്രീകൾ സ്വമേധയാ ടിക്കറ്റ് വാങ്ങി യാത്ര ചെയ്യാൻ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

“ഒരു നിർധന സ്ത്രീയുടെ അവകാശം കൈവശപ്പെടുത്താൻ ഞങ്ങൾ തയ്യാറല്ലെന്ന് സമൂഹം തീരുമാനിച്ചാൽ ഈ പദ്ധതി കൂടുതൽ മാതൃകാപരമാകും,” എന്നാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സമാന പദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്നും, സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യത്തിന് അനുസൃതമായി ഇത്തരം പദ്ധതികൾ തുടരാനാകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. സ്ത്രീകളുടെ തൊഴിൽ, വിദ്യാഭ്യാസ, യാത്രാ ആവശ്യങ്ങൾക്ക് ഈ പദ്ധതി വലിയ പിന്തുണയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts