കണ്ണൂർ മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ 8 പ്രതികൾക്ക് ജീവപര്യന്തം. ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിൻ്റെ സഹോദരൻ മനോരാജ് നാരായണൻ, ടികെ രജീഷ് എന്നിവരടക്കം 8 പ്രതികൾക്കാണ് ജീവപര്യന്തം തടവ് ലഭിച്ചത്. പതിനൊന്നാം പ്രതിയായ പ്രദീപന് 3 വർഷം കഠിനതടവും വിധിച്ചു.

2005 ഓഗസ്റ്റ് ഏഴിന് നടന്ന കൊലപാതകത്തിൽ, സൂരജിനെ സിപിഎം വിട്ട് ബി.ജെ.പിയിൽ ചേർന്നതിലുള്ള വിരോധമാണ് കൊലപ്പെടുത്താൻ കാരണമായതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. മുഴപ്പിലങ്ങാട് ടെലിഫോൺ എക്‌സ്‌ചേഞ്ചിന് സമീപം, ഓട്ടോറിക്ഷയിൽ എത്തിയ സംഘം ബോംബെറിഞ്ഞ ശേഷം മഴുവും വാളും ഉപയോഗിച്ച് സൂരജിനെ കൊലപ്പെടുത്തുകയായിരുന്നു.

കേസിൽ ടികെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിൻ്റെ സഹോദരൻ പി.എം. മനോരാജ് എന്നിവർ ഉൾപ്പെടെ ഒമ്പത് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്.

മനോരാജ്, ടികെ രജീഷ്, എൻവി യോഗേഷ്, കെ ഷംജിത്, സജീവൻ, പ്രഭാകരൻ, കെവി പത്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു. സൂരജിനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

Related Posts