താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എറണാകുളം മുൻസിഫ് കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. പ്രസിഡണ്ട് ശ്വേത മേനോൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ശ്വേത മേനോൻ കോടതിയെ സമീപിച്ചത്. സംഘടനയുടെ പ്രവർത്തനങ്ങൾ നടത്താൻ അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമപരമായ അധികാരമില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. അതേസമയം, നിലവിലുള്ള ശ്വേത മേനോൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് സംഘടനയുടെ പ്രവർത്തനങ്ങൾ തുടരാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂൺ 21-ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിന് പിന്നാലെ ശ്വേത മേനോൻ അധ്യക്ഷയായ ഭരണസമിതി രാജി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് രമേഷ് പിഷാരടി കൺവീനറായ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കുകയായിരുന്നു.

അഡ്ഹോക്ക് കമ്മിറ്റിയുടെ യോഗത്തിന് ശേഷം ശ്വേത മേനോൻ ഉൾപ്പെടെയുള്ളവർ ഇതുവരെ ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിച്ചിട്ടില്ലെന്ന് രമേഷ് പിഷാരടിയും കമ്മിറ്റി അംഗം കെ.ബി. ഗണേഷ് കുമാറും ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ശ്വേത മേനോൻ സംഘടനയുടെ ബൈലോ ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.

‘അമ്മ’യുടെ ബൈലോ പ്രകാരം രാജി പ്രഖ്യാപിച്ച ഭരണസമിതിക്കാണ് അടുത്ത തിരഞ്ഞെടുപ്പ് വരെ സംഘടനയുടെ ചുമതല വഹിക്കാനുള്ള അധികാരമെന്നും, അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമസാധുതയില്ലെന്നും ശ്വേത മേനോൻ വ്യക്തമാക്കിയിരുന്നു. മുൻ പ്രസിഡണ്ട് മോഹൻലാലിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രാജിവെച്ചപ്പോഴും ഇതേ രീതിയാണ് സ്വീകരിച്ചതെന്നും, ഇപ്പോൾ തങ്ങളുടെ കമ്മിറ്റിക്ക് മാത്രം വ്യത്യസ്ത മാനദണ്ഡം സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അവർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.

ഇതേ വാദം ഉന്നയിച്ചാണ് ശ്വേത മേനോൻ കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തുകയായിരുന്നു.

Related Posts