സിന്ധു നദീജല കരാർ മരവിപ്പിച്ചെന്ന ഇന്ത്യയുടെ നിലപാട് തുടരുമെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
ഇന്ത്യ വെള്ളം നിഷേധിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അത് ആണവയുദ്ധത്തിലേക്ക് വരെ നയിച്ചേക്കാമെന്നുമുള്ള പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം.
ലോകബാങ്കിൻ്റെ മധ്യസ്ഥതയിൽ 1960-ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പുവെച്ച സിന്ധു നദീജല കരാർ ആറ് നദികളിലെ ജലവിഭവങ്ങളുടെ വിനിയോഗം സംബന്ധിച്ചാണ്. കരാർ പ്രകാരം കിഴക്കൻ നദികളായ റാവി, ബിയാസ്, സത്ലജ് എന്നിവയിലെ ജലം പരമാവധി ഉപയോഗിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്.
അതേസമയം, പടിഞ്ഞാറൻ നദികളായ സിന്ധു, ഝലം, ചെനാബ് എന്നിവയിലെ ജല ഉപയോഗാവകാശം പ്രധാനമായും പാക്കിസ്ഥാനാണ് വിനിയോഗിക്കുന്നത്. ഈ നദികളിൽ ഇന്ത്യയുടെ വികസന പ്രവർത്തനങ്ങൾക്കും ജല ഉപയോഗത്തിനും കരാർ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
65 വർഷം പഴക്കമുള്ള കരാർ നിലവിലെ സാഹചര്യങ്ങൾക്ക് അനുസൃതമായി പുനഃപരിശോധിക്കേണ്ടതുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ, നിലവിലെ കരാർ പാക്കിസ്ഥാന് അനുകൂലമാണെന്നതിനാൽ അത് പുനഃപരിശോധിക്കുന്നതിൽ പാക്കിസ്ഥാൻ താൽപര്യം കാണിക്കുന്നില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.