കൊല്ലം പുനലൂരിലെ ബേക്കറിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ വ്യാപക നാശനഷ്ടം. പുനലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അംബാസിഡർ ബേക്കറിയിലാണ് ഇന്നലെ രാത്രി സംഭവം നടന്നത്.
മുൻവൈരാഗ്യമാണ് സംഘർഷത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ബേക്കറിക്ക് പുറത്താരംഭിച്ച വാക്കേറ്റം പിന്നീട് സംഘർഷമായി മാറുകയും, തുടർന്ന് യുവാക്കൾ ബേക്കറിയിലേക്ക് ഓടിക്കയറുകയുമായിരുന്നു.
രണ്ട് സംഘങ്ങളായി തിരിഞ്ഞ യുവാക്കൾ ബേക്കറിക്കുള്ളിൽ കസേരകൾ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയും, കടയിലെ ഉപകരണങ്ങൾ തകർക്കുകയും ചെയ്തതോടെ സ്ഥാപനത്തിന് വലിയ നാശനഷ്ടമുണ്ടായി.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതം ബേക്കറി ഉടമ പുനലൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, പരാതി ലഭിച്ചിട്ടും ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.