ഇതരസംസ്ഥാന തൊഴിലാളികളെയും കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന പണത്തെയും സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ നടത്തിയ പരാമർശത്തിനെതിരെ കവി കെ.സച്ചിദാനന്ദൻ രംഗത്ത്. പുറത്തുനിന്ന് കേരളത്തിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം അപമാനകരമാണെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. അവർ ചെയ്യുന്ന സേവനത്തിനുള്ള പ്രതിഫലമാണ് നാം നൽകുന്നതെന്നും, അതും കേരളത്തിലെ നിലവിലുള്ള വേതനനിരക്കനുസരിച്ചോ ചിലപ്പോൾ അതിലും കുറഞ്ഞതോ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുടുംബം പുലർത്താനാണ് അവർ സ്വന്തം നാട് വിട്ട് കേരളത്തിലെത്തി ജോലി ചെയ്യുന്നതെന്നും, മലയാളികൾ മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ജോലി ചെയ്ത് അയയ്ക്കുന്ന പണം കൊണ്ടുകൂടിയാണ് കേരളത്തിൻ്റെ സമ്പദ്വ്യവസ്ഥയും മുന്നോട്ടുപോകുന്നതെന്നും സച്ചിദാനന്ദൻ പറഞ്ഞു. കേരളത്തിലെത്തുന്നവർ വിദേശികളല്ലെന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇത്തരത്തിലുള്ള പരാമർശം തികച്ചും ലജ്ജാകരമാണെന്നും അത് പിൻവലിക്കണമെന്നും സച്ചിദാനന്ദൻ ആവശ്യപ്പെട്ടു. കേരളത്തിലെ നിർമ്മാണ മേഖലയുൾപ്പെടെ നിരവധി മേഖലകളിൽ ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രധാന തൊഴിൽശക്തിയെന്നും, കേരളത്തിൽ വിനിമയം ചെയ്യപ്പെടേണ്ട വലിയൊരു തുക ഇവരിലൂടെ ‘റിവേഴ്സ് റെമിറ്റൻസ്’ ആയി മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒഴുകുകയാണെന്നുമാണ് വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞത്.
സച്ചിദാനന്ദൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
‘പുറത്തു നിന്നു വരുന്ന ജോലിക്കാരെ അധിക്ഷേപിച്ചുള്ള കേരളമുഖ്യമന്ത്രിയുടെ പ്രസ്താവം അപമാനകരമാണ് . അവർ ചെയ്യുന്ന സേവനത്തിൻ്റെ പ്രതിഫലം ആണ് അവർക്ക് നാം നല്‍കുന്നത് – അതും ഇവിടെ നിലവിലുളള നിരക്കില്‍ മാത്രം, ചിലപ്പോൾ അതിലും കുറവും. കുടുംബം പുലര്‍ത്താന്‍ ആണ് അവർ നാടു വിട്ട് ഇവിടെ വന്നു പണി എടുക്കുന്നത്. മലയാളികൾ മറ്റു ദേശങ്ങളില്‍ പോയി പണി എടുത്ത പണം കൊണ്ടു കൂടിയാണ് കേരളീയര്‍ കഴിഞ്ഞു പോരുന്നത് എന്ന് മുഖ്യമന്ത്രി മറക്കുന്നു. ഇവിടെ വരുന്നവര്‍ വിദേശികള്‍ അല്ലെന്നും. തികച്ചും ലജ്ജാകരമായ പ്രസ്താവന. പിന്‍വലിക്കേണ്ടത്.’