‘അമ്മ’യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ വിജയിച്ചു. ഉണ്ണി ശിവപാൽ ട്രഷറർ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് ജയൻ ചേർത്തല ലീഡ് ചെയ്യുകയാണ്.
ശ്വേതയും കുക്കുവും വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ ലീഡ് ചെയ്യുന്നുണ്ടായിരുന്നു. അൻസിബ ഹസൻ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗിന്നസ് പക്രുവാണ് അവസാനം വോട്ട് പെയ്തത്. ആകെയുള്ള 504 അംഗങ്ങളിൽ 298 പേരാണ് വോട്ട് ചെയ്തത്.
2 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോളിംഗ് ശതമാനത്തിൽ ഇത്തവണ വൻ ഇടിവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 357 പേരായിരുന്നു വോട്ട് ചെയ്തത്. 70 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ പോളിംഗ്. കടുത്ത മത്സരം നടന്നിട്ടും പോളിംഗിൽ 12 ശതമാനം ഇടിവുണ്ടായി.
ഇത്തവണ ദേവനും ശ്വേതാ മേനോനുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. കുക്കുവിനെതിരെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും മത്സരിച്ചിരുന്നു. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, നാസർ ലത്തീഫ്, ലക്ഷ്മി പ്രിയ എന്നിവരാണ് മത്സരിക്കുന്നത്.