പനി ബാധിച്ച് കോഴിക്കോട് താമരശ്ശേരിയിൽ 9 വയസുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. മതിയായ ചികിത്സ ആശുപത്രിയിൽ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ പരാതി. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും വ്യാഴാഴ്ച രാവിലെ താമരശ്ശേരി ആശുപത്രിയിൽ കാണിച്ചുവെന്നും കുട്ടിയുടെ അച്ഛൻ സനൂപ് പറഞ്ഞു.
ഛർദിക്ക് മരുന്ന് നൽകിയെങ്കിലും പിന്നീട് കുട്ടിയുടെ ആരോഗ്യാവസ്ഥ മോശമാകുകയായിരുന്നു. കുട്ടിയുടെ അമ്മ ഇക്കാര്യം അറിയിച്ചപ്പോൾ ആരോഗ്യ പ്രവർത്തക കുട്ടിയുടെ അമ്മയോട് കയർത്തു. പിന്നീട് ഡോക്ടർ എത്തി ഡ്രിപ് ഇട്ടപ്പോൾ അപസ്മാരം ഉണ്ടായി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ആശുപത്രിയിൽ രാവിലെ മുതൽ വൈകീട്ട് വരെ ഉണ്ടായിട്ടും കുട്ടിക്ക് മതിയായ ചികിത്സ കിട്ടിയില്ലെന്നാണ് കുട്ടിയുടെ ബന്ധുക്കൾ പറയുന്നത്. മരണത്തിൽ താമരശ്ശേരി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പനി-ഛർദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികൾക്ക് നൽകുന്ന ചികിത്സ അനയയ്ക്കും നൽകിയിരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. രക്തത്തിൽ കൗണ്ട് ഉയർന്ന നിലയിൽ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.