സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്നുള്ള മറ്റൊരു മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴ് വയസുകാരനാണ് മരിച്ചത്. ഇതോടെ ഈ വർഷം സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ-ഭക്ഷ്യസുരക്ഷാ വകുപ്പുകൾ ജാഗ്രത ശക്തമാക്കി. ഈ വർഷം ജനുവരി മുതൽ ഇതുവരെ 135 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതിൽ 68 കേസുകളും കോഴിക്കോട് ജില്ലയിൽ നിന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഒരു വയസുകാരൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതിനിടെ, ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിലെ ഒരു ഇളനീർ പാർലർ ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു.
തിരൂരങ്ങാടിയിലെ ‘കൊക്കോഗ്രീൻ’ എന്ന സ്ഥാപനത്തിൽ നിന്നു രണ്ടാഴ്ച മുമ്പ് ശേഖരിച്ച വെള്ളത്തിൻ്റെ സാമ്പിളിലാണ് ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് സ്ഥാപനത്തിനെതിരെ നടപടി സ്വീകരിച്ചത്.
ഷിഗെല്ല ബാധയുമായി ബന്ധപ്പെട്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മലപ്പുറം ജില്ലയിൽ പരിശോധനകളും നിരീക്ഷണവും കൂടുതൽ ശക്തമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചു.