അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. ജൂലൈ ഡെലിവറിക്കുള്ള യുഎസ് ക്രൂഡ് ഓയിൽ വില അഞ്ച് ശതമാനത്തിലധികം കുറഞ്ഞ് ബാരലിന് 80.25 ഡോളറിലെത്തി. ഓഗസ്റ്റ് ഡെലിവറിക്കുള്ള ബ്രെൻറ് ക്രൂഡ് ഫ്യൂച്ചേഴ്‌സും നാല് ശതമാനത്തിലധികം ഇടിഞ്ഞ് 83.31 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ലോകത്തെ പ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയാണ് വില ഇടിവിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. മാർച്ച് 10ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിലെ എണ്ണവില.
ക്രൂഡ് ഓയിൽ വില കുറയുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. ഇന്ധനച്ചെലവിനെ ആശ്രയിക്കുന്ന വ്യോമയാന മേഖല, എണ്ണ വിപണന കമ്പനികൾ, പെയിന്റ്-കെമിക്കൽ വ്യവസായങ്ങൾ എന്നിവയ്ക്ക് ഇത് ഗുണകരമാകും. ഉപഭോക്തൃ മേഖലയിലും വിലക്കുറവിൻ്റെ നേട്ടം പ്രതിഫലിക്കുമെന്നാണ് പ്രതീക്ഷ.