ഫ്ലൈദുബായ് വിമാനത്തിൻ്റെ കോക്ക്പിറ്റിൽ നടന്ന ആക്രമണവും തട്ടിക്കൊണ്ടുപോകൽ ശ്രമവും ചെറുത്ത് വിമാനം സുരക്ഷിതമായി താഴെയിറക്കിയ ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ഛാറിന് ഇസ്രായേലിൻ്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം. ‘പ്രസിഡൻഷ്യൽ അവാർഡ് ഫോർ സിവിൽ ഹീറോയിസം’ പുരസ്കാരം സമ്മാനിക്കുമെന്ന് ഇസ്രായേൽ പ്രസിഡണ്ട് ഐസക് ഹെർസോഗ് പ്രഖ്യാപിച്ചു. ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പൈലറ്റ് പൂർണമായി സുഖം പ്രാപിച്ചശേഷം നേരിട്ടെത്തി പുരസ്കാരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിമാനത്തിലെ 174 യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയ ആക്രമണത്തെ ധൈര്യത്തോടെയും പ്രൊഫഷണലിസത്തോടെയും നേരിട്ട ക്യാപ്റ്റൻ സ്മിത് മച്ഛാറിൻ്റെ ഇടപെടൽ ഇസ്രായേൽ നേതൃത്വം പ്രത്യേകം പ്രശംസിച്ചു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരിൽ ഭൂരിഭാഗവും ഇസ്രായേൽ പൗരന്മാരായിരുന്നു. വലിയ ദുരന്തത്തിലേക്ക് നയിക്കാമായിരുന്ന സാഹചര്യം പൈലറ്റിൻ്റെ ഇടപെടലിലൂടെ ഒഴിവാക്കാനായതായാണ് റിപ്പോർട്ടുകൾ.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തേ തന്നെ ക്യാപ്റ്റൻ സ്മിത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ചികിത്സയിൽ കഴിയുന്ന പൈലറ്റിനെ ഫോണിൽ വിളിച്ച അദ്ദേഹം സംസാരിക്കുകയും സ്മിത്തിനെ ‘ലോകത്തിൻ്റെ നായകൻ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഇസ്രായേലിൻ്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദീപം തെളിയിക്കാൻ ക്യാപ്റ്റൻ സ്മിത് മച്ഛാറിനെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും നെതന്യാഹു ക്ഷണിക്കുകയും ചെയ്തു.
അതേസമയം, ആക്രമണം ചെറുക്കാൻ ക്യാപ്റ്റനെ സഹായിച്ച ആറ് ഇസ്രായേലി യാത്രക്കാർക്കും പ്രസിഡണ്ട് ഐസക് ഹെർസോഗ് ജെറുസലേമിൽ നടന്ന ചടങ്ങിൽ ‘പ്രസിഡൻഷ്യൽ മെഡൽ ഫോർ സിവിലിയൻ ഹീറോയിസം’ സമ്മാനിച്ചു. താലി മനെസ്, യാനിവ് ഹായൂൺ, സ്വിക മനെസ്, അസഫ് രജുവാൻ, ഓർ പർദിലോവ്, ഡോ. ഷോത മുസയേവ് എന്നിവരാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
ആക്രമണത്തെക്കുറിച്ച് മറ്റ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയതും പൈലറ്റിന് വിമാനത്തിനുള്ളിൽ പ്രാഥമിക ചികിത്സ നൽകിയതും അക്രമിയെ കീഴ്പ്പെടുത്താൻ സഹായിച്ചതുമാണ് ഇവരുടെ ഇടപെടലുകളിൽ പ്രധാനപ്പെട്ടത്. പ്രതിസന്ധി ഘട്ടത്തിൽ യാത്രക്കാർ നടത്തിയ ധീരമായ ഇടപെടലിനെയും ഇസ്രായേൽ പ്രസിഡന്റ് അഭിനന്ദിച്ചു.
ക്യാപ്റ്റൻ സ്മിത് മച്ഛാറിൻ്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. യുഎഇയിലെ ഇന്ത്യൻ എംബസി അദ്ദേഹത്തിൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തുടർച്ചയായി ഇടപെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നടത്തിയ ധീരമായ ഇടപെടലിന് ഒരു ഇന്ത്യൻ പൈലറ്റിന് ഇസ്രായേലിൻ്റെ പരമോന്നത സിവിലിയൻ ധീരതാ പുരസ്കാരം ലഭിക്കുന്നത് ഇന്ത്യക്കും അഭിമാനകരമായ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.