ഇറാന്റെ ഉന്നതരുടെ തലയ്ക്കു വിലയിട്ട് അമേരിക്ക. പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ് ഉൾപ്പെടെയുള്ള പത്തു പേർക്ക് 84 കോടിയാണ് വില നിശ്ചയിച്ചത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള പ്രമുഖരെക്കുറിച്ചു വിവരം നൽകുന്നവർക്കു പത്തു മില്യൺ ഡോളർ (ഏകദേശം 84 കോടി രൂപയിലേറെ) വരെ പാരിതോഷികം നൽകുമെന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.
യുഎസും ഇസ്രയേലും ചേർന്ന് പശ്ചിമേഷ്യയിൽ ഇറാനെതിരേ നടത്തിയ സൈനിക നീക്കങ്ങൾക്കു പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ നിർണായക പ്രഖ്യാപനം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട 10 പേരുടെ പട്ടികയിൽ ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ് ആണ് ഒന്നാമൻ. കൂടാതെ സൈനിക ഉപദേഷ്ടാവ് മേജർ ജനറൽ യഹ്യ റഹീം സഫാവി, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി,
സുപ്രീം ലീഡറുടെ ഓഫീസിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗർ ഹെജാസി, ആഭ്യന്തര മന്ത്രി ബ്രിഗേഡിയർ ജനറൽ എസ്കന്ദർ മോമിനി, രഹസ്യാന്വേഷണ-സുരക്ഷാമന്ത്രി ഇസ്മായിൽ ഖതീബ്, ഐആർജിസി കമാൻഡർ, പ്രതിരോധ കൗൺസിൽ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളിലുള്ളവരും യുഎസ് പട്ടികയിലുണ്ട്. ഭീകരപ്രവർത്തനങ്ങൾ ലോകം മുഴുവൻ ആസൂത്രണം ചെയ്യുകയും നടപ്പാക്കുകയും ചെയ്യുന്നത് ഇവരാണെന്നു യുഎസ് വ്യക്തമാക്കി.