പശ്ചിമേഷ്യൻ സംഘർഷം കൊടുമ്പിരിക്കൊണ്ടിരിക്കെ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇന്ത്യയുൾപ്പെടെയുള്ള 5 സൗഹൃദ രാജ്യങ്ങൾക്ക് ഇളവ് അനുവദിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം അറിയിച്ചത്. ഇറാൻ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് ഇന്ത്യ, പാക്കിസ്ഥാൻ, ഇറാഖ്, ചൈന, റഷ്യ എന്നീ രാജ്യങ്ങളെയാണ്.
ഹോർമുസ് കടലിടുക്ക് അടച്ചതോടെ പല രാജ്യങ്ങളിലും ഇന്ധനക്ഷാമം അനുഭവപ്പെടുകയും ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇറാൻ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തുന്നത്. ശത്രുത പുലർത്താത്ത രാജ്യങ്ങളിലെ കപ്പലുകൾക്കു കൃത്യമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചു കടലിടുക്കിലൂടെ സഞ്ചരിക്കാമെന്ന് ഇറാൻ അറിയിച്ചു.