കോഴിക്കോട് നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർഥി മരിച്ചു. കണ്ണൂക്കര മാടാക്കര സ്വദേശിയും ഇരിങ്ങൽ കുഞ്ഞാലിമരക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയുമായ അഭിനവാണ് മരിച്ചത്.

ഇന്ന് വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. തലശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയിക്കൊണ്ടിരുന്ന ഗുഡ്‌സ് ട്രെയിനാണ് വിദ്യാർഥിയെ ഇടിച്ചത്. സംഭവസമയത്ത് അഭിനവിനൊപ്പം മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

സുഹൃത്തുക്കളോടൊപ്പം സെൽഫി എടുക്കുന്നതിനിടെ ട്രാക്കിന് സമീപത്തേക്ക് നീങ്ങിയ അഭിനവിനെ അതിവേഗത്തിൽ എത്തിയ ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സംഭവസ്ഥലത്തുവെച്ചുതന്നെ വിദ്യാർഥി മരിച്ചു.

വിവരമറിഞ്ഞ് ചോമ്പാല പൊലീസും റെയിൽവേ പൊലീസും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Related Posts