പാലിയേക്കര ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തിയ ശേഷം സഹോദരൻ ജീവനൊടുക്കിയതായി സംശയം. ചാമപറമ്പിൽ ഇന്ദിര (63), സഹോദരൻ അപ്പു (58) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരയുടെ മൃതദേഹം കിടപ്പുമുറിയിലും അപ്പുവിൻ്റെത് അടുക്കളയിലുമായിരുന്നു. ഇന്ദിരയുടെ കൈയിലെ ഞരമ്പ് മുറിച്ച നിലയിലും മുഖത്ത് തലയിണ ഉണ്ടായിരുന്ന നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. അപ്പുവിനെ അടുക്കളയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്ദിരയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായാണ് വിവരം.
അപ്പുവിൻ്റെ മകനും എക്സൈസ് ഉദ്യോഗസ്ഥനുമായ വൈഷ്ണവ് രാവിലെ ഉറക്കമുണർന്നെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വൈഷ്ണവും ഭാര്യയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. രാവിലെ വൈഷ്ണവിൻ്റെ ഭാര്യ എഴുന്നേറ്റപ്പോൾ മുറിയുടെ വാതിൽ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഫോണിൽ വിളിച്ച് വൈഷ്ണവിനെ വരുത്തി വാതിൽ തുറപ്പിച്ചപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
അപ്പുവിൻ്റെ ഭാര്യ തൊട്ടടുത്ത് താമസിക്കുന്ന മറ്റൊരു മകൻ ജിഷ്ണുവിൻ്റെ വീട്ടിലായിരുന്നു രാത്രി കഴിഞ്ഞിരുന്നത്. പുതുക്കാട് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.