ഷിഗല്ല വ്യാപനത്തെ തുടർന്ന് വയനാട്ടില്‍ മന്ത്രി ടി സിദ്ദിഖിൻ്റെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേർന്നു. രോഗ വ്യാപനത്തിൻ്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് മന്ത്രി ടി സിദ്ദിഖ് നിർദേശം നല്കി. ആരോഗ്യമന്ത്രി കെ മുരളീധരൻ ജില്ലയിലെ സാഹചര്യം വിലയിരുത്താനായി ഇന്ന് വൈകുന്നേരം വയനാട്ടില്‍ എത്തും. രോഗം റിപ്പോർട്ട് ചെയ്ത കോളിയാടിയോട് ചേർന്നുള്ള പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും പ്രത്യേക യോഗം ചേരും. പ്രദേശത്തെ കിണറുകള്‍ സ്പെഷ്യല്‍ ഡ്രൈവിലൂടെ ക്ലോറിനേഷൻ നടത്തുമെന്നും ഡിസ്ചാർജ് ചെയ്ത കുട്ടികളില്‍ ചിലർ വീണ്ടും രോഗലക്ഷണം പ്രകടിപ്പിച്ചതിനാല്‍ അവർക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ട്.
കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ 21 കുട്ടികള്‍ക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. സ്കൂളിലെ കുട്ടികളുമായി സമ്പർക്കം വഴി 14 പേർക്ക് കൂടി രോഗലക്ഷണം ഉണ്ടായിട്ടുണ്ട്. 60 കുട്ടികളാണ് നിലവില്‍ ചികിത്സയിലുള്ളത്. സ്കൂള്‍ തുറന്നതിന് പിന്നാലെ കുട്ടികള്‍ക്ക് പനിയും ഛർദിയും വയറിളക്കവും അനുഭവപ്പെട്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗല്ല സ്ഥിരീകരിച്ചത്.